തിരുവനന്തപുരം : ബാസ്കറ്റ് ബാൾ കോർട്ടിലെ കേളീമികവിന് മലയാളി താരം ആൻ മേരി സക്കറിയയെത്തേടി സ്കോളർഷിപ്പ് എത്തിയത് അമേരിക്കയിൽ നിന്നാണ്.മുൻ ഇന്ത്യൻ താരങ്ങളായ സക്കറിയ തോമസിന്റെയും ജീന സക്കറിയയുടെയും ഇളയമകളായ ആൻ മേരിയെത്തേടി അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് ലൈഫ് പ്രിപ്പ് അക്കാഡമിയുടെ സ്കോളർഷിപ്പാണ് എത്തിയത്. കേരളത്തിൽ ഇൗ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യ താരമാണ് കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ആൻ മേരി.
11,12ക്ളാസുകളിലെ വിദ്യാഭ്യാസവും പരിശീലനവും താമസവും അടങ്ങുന്നതാണ് സ്കോളർഷിപ്പ്. പ്രാഥമിക ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണെങ്കിലും മികവ് തെളിയിക്കാനായാൽ കോളേജ് വിദ്യാഭ്യാസ കാലത്തേക്കും സ്കോളർഷിപ്പ് തുടരും. അമേരിക്കയിലെ നാഷണൽ ബാസ്കറ്റ് ബാൾ അക്കാഡമിയുടെ പരിശീലന ക്യാമ്പിൽ നിന്നാണ് 16lകാരിയായ ആൻ മേരിക്ക് സെലക്ഷൻ ലഭിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി അണ്ടർ-16,17,18 ഏജ് കാറ്റഗറികളിൽ കളിച്ചിട്ടുള്ള താരമാണ് ആൻ മേരി. ബാംഗ്ളൂരിൽ നടന്ന ഏഷ്യൻ അണ്ടർ -17 ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു.യൂത്ത്, ജൂനിയർ വിഭാഗങ്ങളിൽ കേരളം ദേശീയ ചാമ്പ്യൻഷിപ്പ് നേടിയതിൽ ആനിന്റെ മികവ് പ്രധാനപങ്കുവഹിച്ചിരുന്നു. ഇൗ വർഷം നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും ആനിന്റെ പ്രകടനം ശ്രദ്ധയാകർഷിച്ചിരുന്നു. ആറടി രണ്ടിഞ്ച് ഉയരമാണ് കളിക്കളത്തിൽ ആനിന്റെ പ്ളസ് പോയിന്റ്.
റെയിൽവേ ജീവനക്കാരായ മാതാപിതാക്കൾക്കൊപ്പം ചെന്നൈയിലായിരുന്നു ആൻ മേരിയുടെ അഞ്ചാം ക്ളാസ് വരെയുള്ള വിദ്യാഭ്യാസം.തുടർന്ന് ബാസ്കറ്റ് ബാൾ പരിശീലനത്തിനായി മകളെ കോട്ടയത്ത് മൗണ്ട് കാർമൽ സ്കൂളിലേക്ക് മാറ്റുകയായിരുന്നു സക്കറിയ തോമസ്. മൗണ്ട് കാർമൽ സ്കൂളിലെ അസീസ് രാജമോനാണ് പരിശീലിപ്പിക്കുന്നത്. ആൻ മേരിയുടെ ചേച്ചി ഡോണ എൽസ സക്കറിയയും സംസ്ഥാന ജൂനിയർ ബാസ്കറ്റ് ബാൾ താരമാണ്. ഇപ്പോൾ ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ പഠിക്കുന്നു.
അമേരിക്കൻ നാഷണൽ വിമൻസ് ബാസ്കറ്റ് ബാൾ ലീഗിൽ കളിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ മോഹം.അതിന്റെ ആദ്യ ചുവടായി ഇൗ സ്കോളർഷിപ്പിനെ കാണുന്നു. എന്നെ ബാസ്കറ്റ് ബാൾ കളിക്കാരിയാക്കാൻ എല്ലാ പിന്തുണയും നൽകിയ അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും പരിശീലകർക്കും ഇൗ നേട്ടം സമർപ്പിക്കുന്നു.
ആൻ മേരി സക്കറിയ