punjab

ചണ്ഡിഗഢ്: പഞ്ചാബിൽ മൂന്ന് ജില്ലകളിലായി വിഷമദ്യം കുടിച്ച് 32 പേർ മരണമടഞ്ഞു. അമൃത്‌സറിൽ 11 പേരും തരൻതരനിൽ 13പേരും ബടാലയിൽ എട്ട് പേരുമാണ് മരിച്ചത്. വിഷമദ്യം കഴിച്ച ഒരാൾ ഗുരുതരാവസ്ഥയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് അമൃത്‌സർ ജില്ലയിലെ മുച്ചാൽ ഗ്രാമത്തിലെ ബൽവിന്ദർ കൗർ എന്ന് സ്ത്രീയെ അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു.

ദുരന്തത്തെ പറ്റി മജിസ്ട്രേട്ട് തല അന്വേഷണത്തിന് മുഖ്യമന്ത്രി അമരീന്ദർസിംഗ് ഉത്തരവിട്ടു. ജലന്ധർ ഡിവിഷണൽ കമ്മിഷണറാണ് അന്വേഷണം നടത്തുക.

ബുധനാഴ്‌ച രാത്രി അമൃത്‌സർ ജില്ലയിലെ മുച്ചൽ,​ താംഗ്ര ഗ്രാമങ്ങളിലാണ് ആദ്യത്തെ അഞ്ച് മരണം റിപ്പോർട്ട് ചെയ്‌തത്. വ്യാഴാഴ്ച രാവിലെ മുച്ചലിൽ തന്നെ രണ്ട് പേർ കൂടി മരണമടഞ്ഞു. ഗുരുതരാവസ്ഥയിലായ മറ്റൊരാൾ ആശുപത്രിയിലും മരിച്ചു. വൈകിട്ടോടെ മുച്ചലിൽ രണ്ട് പേരും ബട്ടാല നഗരത്തിൽ രണ്ട് പേരും മരണമടഞ്ഞു.വെള്ളിയാഴ്‌ച ബട്ടാലയിൽ അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ മരണം ഏഴായി. തരൻ തരനിൽ നാല് പേരും മരിച്ചു.

ഇന്നലെ രാവിലെ വരെ 21 ആയിരുന്നു മരണ സംഖ്യ. വൈകുന്നേരമായപ്പോഴേക്കും മൂന്ന് ജില്ലകളിലുമായി 11 പേർ കൂടി മരിച്ചു.

സംസ്ഥാനത്തെ വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തി കർശന നടപടികൾ എടുക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലങ്ങളിൽ എത്തി.