ശ്രീനഗർ: ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കൽ നീട്ടിയതെന്നാണ് സർക്കാർവാദം. പൊതുസുരക്ഷാ നിയമപ്രകാരമാണ് മുഫ്തിയെ തടങ്കലിലാക്കിയത്. എട്ട് മാസത്തോളം സർക്കാർ നിയന്ത്രണത്തിലുള്ള തടങ്കലിൽ കഴിഞ്ഞ ശേഷമാണ് ഏപ്രിൽ ഏഴ് മുതൽ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടനുബന്ധിച്ചാണ് മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള എന്നിവരുടെ തടങ്കൽ മാർച്ചിൽ അവസാനിച്ചിരുന്നു.