കൊച്ചി: ആഭരണ പ്രിയരെ ആശങ്കയിലാഴ്‌ത്തി സ്വർണവില പവന് ചരിത്രത്തിൽ ആദ്യമായി 40,000 രൂപയിലെത്തി. ഗ്രാം വില 5,000 രൂപയും പിന്നിട്ടു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്നലെ ഉയർന്നത്. 2020ൽ ഇതുവരെ പവന് 11,000 രൂപയും ഗ്രാമിന് 1,325 രൂപയും കൂടി. ജൂലായിൽ മാത്രം പവന് 4,200 രൂപയും ഗ്രാമിന് 525 രൂപയും ഉയർന്നു.
കൊവിഡ് സൃഷ്‌ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നുവെന്ന വിലയിരുത്തലാണ് സ്വർണത്തിന് നേട്ടമാകുന്നത്. ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് വൻതോതിൽ പണം പിൻവലിച്ച്, സ്വർണത്തിലേക്ക് ഒഴുക്കുകയാണ് നിക്ഷേപകർ.
നിക്ഷേപത്തിലെ മികച്ച ഉണർവിന്റെ കരുത്തിൽ രാജ്യാന്തര വില ഔൺസിന് 16.69 ഡോളർ ഉയർന്ന് 1,973.69 ഡോളറിലെത്തി. 2011 ആഗസ്‌റ്റിൽ കുറിച്ച 1,917 ഡോളറെന്ന റെക്കാഡ് കഴിഞ്ഞവാരം തന്നെ മറികടന്നിരുന്നു. കൊവിഡ് വാക്‌സിൻ വൈകിയാൽ, രാജ്യാന്തര വില വൈകാതെ 2,000 ഡോളർ ഭേദിച്ചേക്കും. ഇന്ത്യയിലെ വിലയെ ഇതു പുതിയ ഉയത്തിലേക്കും നയിക്കും.
പൊന്നിൻ കുതിപ്പ്
(പവൻ വില ഈ വർഷം)
ജനുവരി 1 : ₹29,000
മാർച്ച് 1 : ₹31,040
മേയ് 1 : ₹33,400
ജൂൺ 1 : ₹34,480
ജൂലായ് 31 : ₹40,000
₹44,600
നിലവിൽ ഒരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ നൽകേണ്ട കുറഞ്ഞ വില 44,600 രൂപയാണ്. എട്ട് ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി., 0.25 ശതമാനം സെസ് എന്നിവ കൂട്ടിച്ചേർത്താണിത്.