ന്യൂഡൽഹി: ചെെനീസ് മൊബെെൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിന് പിന്നാലെ ചെെനീസ് ടെലിവിഷനുകളുടെ ഇറക്കുമതിയിൽ നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ.രാജ്യത്തെ പ്രാദേശിക ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇറക്കുമതി നയ ഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽ നിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഇതോടെ ഇനി ചൈനയിൽനിന്നുള്ള ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസൻസ് വേണ്ടിവരും.ഇന്ത്യൻ വിപണിയിൽ ചൈനീസ് ടെലിവിഷനുകളുടെ കുത്തക തകർക്കുകയെന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.35 സെന്റീമീറ്റർ മുതൽ 105 സെന്റീമീറ്റർ വരെ വലിപ്പമുള്ള സ്ക്രീനുകളുള്ള ടെലിവിഷനുകൾക്കാണ് നിയന്ത്രണം ബാധകമാവുക. 63 സെന്റീമീറ്റർ താഴെ വലിപ്പമുള്ള എൽ.സി.ഡി ടെലിവിഷനുകൾക്കും നിയന്ത്രണം ബാധകമാണ്.
അതേസമയം നിരവധി കമ്പനികൾ ഇതിനോടകം തന്നെ തങ്ങളുടെ നിർമാണ യൂണിറ്റുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നതിനാൽ നിയന്ത്രണം രാജ്യത്തെ ടെലിവിഷൻ വിപണിയെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ ടെലിവിഷൻ വിപണിയുടെ മൂല്യം 15,000 കോടി രൂപയാണ്. ഇതിന്റെ 36 ശതമാനവും ചൈനയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിയാണ്. ചൈന, വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്ലാൻഡ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നത്.
ലഡാക്കിലെ ഇന്ത്യ-ചെെന അതിർത്തിയിൽ സെെനീകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെ ടിക്ക് ടോക്ക് അടക്കം ചെെനയിൽ നിന്നുളള 56 മൊബെെൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.