മനില : പെട്രോൾ ഉപയോഗിച്ച് ഫേസ്മാസ്ക് വൃത്തിയാക്കണമെന്ന് വീണ്ടും ആവർത്തിച്ച് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട്. താൻ തമാശ പറയുകയല്ലെന്നാണ് ഇത്തവണ ഡ്യൂട്ടേർട്ട് പറയുന്നത്. കഴിഞ്ഞാഴ്ചയാണ് പെട്രോളും ഡീസലും ഉപയോഗിച്ച് മാസ്ക് അണുമുക്തമാക്കണമെന്ന് ഡ്യൂട്ടേർട്ട് വിവാദ പരാമർശം നടത്തിയത്. പ്രസിഡന്റിന്റെ മണ്ടത്തരത്തിന് പിന്നാലെ രാജ്യത്തെ ആരോഗ്യ വകുപ്പ് വിശദീകരണവുമായെത്തുകയും ചെയ്തിരുന്നു. പ്രസിഡന്റ് തമാശയ്ക്കാണ് അങ്ങനെ പറഞ്ഞെതെന്നും ആരും ഇതിനെ ഗൗരവമായി കാണരുതെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ വിശദീകരണം. തുണി മാസ്കുകൾ എല്ലാ ദിവസവും കഴുകി വെയിലത്ത് ഉണക്കുകയാണ് വേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചിരുന്നു.
എന്നാൽ താൻ പറഞ്ഞത് സത്യമാണെന്നും ആളുകൾ പെട്രോൾ പമ്പിലേക്ക് പോകണമെന്നുമാണ് ഡ്യൂട്ടേർട്ട് പറയുന്നത്. ' വിമർശകർ പറയുന്നു തനിക്ക് ഭ്രാന്താണെന്ന്. താൻ അങ്ങനെയായിരുന്നെങ്കിൽ പ്രസിഡന്റാകില്ലായിരുന്നു. ആൽക്കഹോൾ ലഭ്യമല്ലാത്തവർ, പ്രത്യേകിച്ചും സാധാരണക്കാർ മാസ്ക് അണുവിമുക്തമാക്കാൻ പെട്രോൾ ഉപയോഗിക്കണം. ' ഡ്യൂട്ടേർട്ട് പറയുന്നു.
കഴിഞ്ഞാഴ്ചയാണ്, കൊവിഡ് വ്യാപനം തടയുന്നതിന് മാസ്ക് എങ്ങനെ സഹായിക്കുന്നു എന്നത് സംബന്ധിച്ച് നടന്ന ഒരു പ്രസംഗത്തിനിടെ പ്രസിഡന്റ് ആദ്യമായി തന്റെ വിചിത്ര കണ്ടുപിടുത്തം അവതരിപ്പിച്ചത്.
' ഉപയോഗം കഴിയുമ്പോൾ മാസ്ക് എവിടെയെങ്കിലും തൂക്കിയിടുക. ലൈസോൾ അണുനാശിനി മാസ്കിലേക്ക് തളിക്കുക. ഇനി ലൈസോൾ വാങ്ങാൻ കഴിയാത്തവർ ആണെങ്കിൽ പെട്രോളിലോ ഡീസലിലോ നനച്ചെടുക്കുക. കുറച്ച് പെട്രോൾ എടുത്ത ശേഷം നിങ്ങളുടെ മാസ്കും കൈയ്യും അതിലേക്ക് മുക്കുക. ! ' ഇങ്ങനെയൊക്കെ ചെയ്താൽ കൊവിഡ് പമ്പകടക്കുമെന്നായിരുന്നു ഡ്യൂട്ടേർട്ട് അവകാശപ്പെട്ടത്.
വിചിത്ര പരാമർശങ്ങൾ നടത്തുന്നത് പൊതുവെ ഡ്യൂട്ടേർട്ടിന്റെ ശീലമാണ് . കൊവിഡ് ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്നായിരുന്നു ഏപ്രിലിൽ ഡ്യൂട്ടേർട്ട് പറഞ്ഞിരുന്നത്. നിലവിൽ 93,354 പേർക്കാണ് ഫിലിപ്പീൻസിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,023 പേർക്ക് ജീവൻ നഷ്ടമായി.