മുംബയ് : രവീന്ദ്ര ജഡേജയെക്കുറിച്ചുള്ള മോശം പരാമർശങ്ങളെയും ഹർഷ ഭോഗ്‌ലെയുമായുള്ള തർക്കത്തിന്റെയും പേരിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ കമന്റേറ്റർ പാനലിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സഞ്ജയ് മഞ്ജരേക്കർ ജോലി തിരികെക്കിട്ടാൻ ബി.സി.സി.ഐയെ സമീപിച്ചു. ഇതുവരെ പറ്റിയ പിഴവുകൾ പൊറുക്കണമെന്നും വരുന്ന ഐപിഎൽ സീസണിലേക്കുള്ള കമന്റേറ്റർ പാനലിൽ തന്നേയും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് മഞ്ജരേക്കർ.
കഴിഞ്ഞ മാർച്ചിൽ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കു മുമ്പാണ് മഞ്ജരേക്കറെ പാനലിൽനിന്ന് ഒഴിവാക്കിയത്. എന്നാല്‍ കൊവിഡിനെത്തുടർന്ന് മത്സരങ്ങൾ നടത്തിയില്ല. പാനലിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് മഞ്ജരേക്കർ കത്തയക്കുന്നത്.
ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനിടെ രവീന്ദ്ര ജഡേജയെ പൊട്ടും പൊടിയും മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് കമന്ററിക്കിടെ മഞ്ജരേക്കർ ആക്ഷേപിച്ചിരുന്നു. ഇതിനു ജഡേജ ട്വിറ്ററിലൂടെ നൽകിയ മറുപടി വിവാദമായി. സെമിയിൽ ജഡേജ ഉജ്വല പ്രകടനന നടത്തിയതോടെ മഞ്ജരേക്കർ നാണംകെടുകയും ചെയ്തു.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ–ബംഗ്ലദേശ് ഡേആൻഡ് നൈറ്റ് ടെസ്റ്റിനിടെ മഞ്ജരേക്കറും ഹർഷ ഭോഗ്‍ലെയും കമന്ററിക്കിടെ വാക്കേറ്റം നടത്തിയിരുന്നു. പിങ്ക് പന്ത് കളിക്കാർക്ക് എത്രത്തോളം കാണാമെന്നത് പരിശോധിക്കണമെന്ന് ഭോഗ്‍ലെ ചൂണ്ടിക്കാട്ടിയപ്പോൾ ഭോഗ്‌ലെ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതുകൊണ്ടാണ് ഇൗ സംശയം തോന്നുന്നതെന്നായിരുന്നു മഞ്ജരേക്കറുടെ കളിയാക്കൽ.
ഈ രണ്ട് സംഭവങ്ങളിലും മഞ്ജരേക്കറിനെതിരെ ആരാധകരുടെ ഭാഗത്തുനിന്നും വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ പാനലിൽനിന്ന് ഒഴിവാക്കിയത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനായി ഹിമാചൽ പ്രദേശിലെ ധർമശാലയിലെത്തിയ കമന്റേറ്റേർമാർക്കൊപ്പം മഞ്ജരേക്കർ ഉണ്ടായിരുന്നില്ല. ഈ മത്സരം മഴമൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ പരമ്പര റദ്ദാക്കുകയും ചെയ്തു.
രവീന്ദ്ര ജഡേജയുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്നാണ് ബി.സി.സി.ഐ നിലപാടെന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. പിങ്ക് ബോൾ ടെസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹർഷ ഭോഗ്‍ലെയോട് മഞ്ജരേക്കർ ട്വിറ്ററിൽ മാപ്പു പറഞ്ഞിട്ടുണ്ട്. മഞ്ജരേക്കറുടെ കാര്യത്തിൽ അന്തിമ തീരുമാനം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായിരിക്കും എടുക്കുക.