-mohd-nooruddin

ഹൈദരാബാദ്: കൊവിഡ് കാരണം ലോകർ നഷ്ടത്തിന്റെ കണക്ക് പറയുമ്പോൾ ഹൈദരാബാദ് സ്വദേശി മുഹമ്മദ് നൂറുദ്ദീൻ ആയിരംതവണ കൊവിഡിന് നന്ദി പറയും. കാരണം കൊവിഡ് മൂലമാണ്

33 തവണ തന്നെ തോല്പിച്ച പത്താംക്ളാസ് പരീക്ഷ ഈ അൻപത്തിയൊന്നുകാരൻ പാസായത്.

മഹാമാരിയെ തുടർന്ന് തെലങ്കാനാ ബോർഡ് പത്താംക്ളാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി എല്ലാവർക്കും മിനിമം മാർക്ക് നൽകി ജയിപ്പിച്ചതോടെയാണ് മുഹമ്മദ് ജീവിതലക്ഷ്യം നേടിയത്.

1987 മുതൽ ഒരുവർഷം പോലും മുടങ്ങാതെ നൂറുദ്ദീൻ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നു. ഇംഗ്ളീഷാണ് കീറാമുട്ടി.

''എനിക്ക് ഇംഗ്ളീഷ് മനസിലാക്കാൻ പ്രയാസമാണ്. ട്യൂഷന് പോകാൻ സാധിക്കുമായിരുന്നില്ല. കുടുംബത്തിലെ മറ്റുള്ളവരുടെ സഹായം നേടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കണക്ക് ഉൾപ്പടെ മറ്റെല്ലാ വിഷയങ്ങളിലും 40 ശതമാനം മാർക്ക് നേടിയെങ്കിലും 30 മാർക്ക് പോലും ഇംഗ്ളീഷിന് കിട്ടിയില്ല." - നൂറുദ്ദീൻ പറയുന്നു. ഇംഗ്ളീഷിന് മാത്രം കോപ്പിയടിച്ചോട്ടേയെന്ന് വരെ അദ്ധ്യാപകരോട് ചോദിച്ചിട്ടുണ്ട്.

പക്ഷേ, തളർന്നില്ല. പിന്നെയും ശ്രമിച്ചു. ഒടുവിൽ ഇതാ 33വർഷങ്ങൾക്ക് ശേഷം പരീക്ഷ എഴുതാതെ തന്നെ നൂറുദ്ദീൻ വിജയിച്ചിരിക്കുന്നു. മുഴുവൻ ക്രെഡിറ്റും കൊവിഡിനാണെന്ന് നുറുദ്ദീൻ പറയുന്നു. 34-ാം ശ്രമത്തിൽ തോറ്റാൽ ഇനി പരീക്ഷ എഴുതില്ലെന്ന് തീരുമാനിച്ചിരുന്നു. ഫീസടച്ച് നന്നായി പഠിച്ച് പരീക്ഷയ്ക്ക് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് കൊവിഡ് വന്നത്.

"ചെറുപ്പത്തിൽ ഭാവി സുരക്ഷിതമാക്കണം എന്നുകരുതിയാണ് പത്താംക്ളാസ് പാസാകാൻ ശ്രമിച്ചത്. പൊലീസിലോ ഡിഫൻസിലോ ചേരാനായിരുന്നു ആഗ്രഹം. എന്നാൽ പരീക്ഷ പാസാകാത്തതിനാൽ സാധിച്ചില്ല. ഇപ്പോഴും വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിരവധി നിയമനങ്ങൾ നടക്കുന്നുണ്ട്. അതിനായോ അല്ലെങ്കിൽ മറ്റേതെങ്കിലും നല്ല ജോലിക്ക് വേണ്ടിയോ ശ്രമിക്കും.''- നൂറുദ്ദീൻ പറഞ്ഞു.

നിലവിൽ മുഷീറാബാദിലെ ഒരു സ്കൂളിൽ സെക്യൂരിറ്രിയാണ് ഇദ്ദേഹം. മൂന്ന് മക്കളിൽ രണ്ട്പേർ ഇന്റർമീഡിയറ്റ് പാസായി. മറ്റൊരാൾ ബി.കോം കഴിഞ്ഞു.