ചൈനീസ് ആപ്പുകൾക്ക് നിരോധനം കൊണ്ടുവന്ന ഇന്ത്യയുടെ തീരുമാനത്തിനെതിരെ അടുത്തിടെ ചൈന തങ്ങളുടെ പ്രതികരണം പുറത്തുവിട്ടിരുന്നു. ചൈനീസ് ആപ്പുകൾ നിരോധിച്ചുകൊണ്ട് ഇന്ത്യ ചെയ്ത 'തെറ്റ്' തിരുത്തണമെന്നും ചൈനീസ് വ്യാപാരങ്ങളിൽ ഇന്ത്യ 'മനഃപൂർവം ഇടപെടലുകൾ' നടത്തുന്നുവെന്നുമായിരുന്നു ഇന്ത്യൻ ചൈനീസ് എംബസി വക്താവിലൂടെ ചൈന പ്രതികരിച്ചത്. ചൈനീസ് വ്യാപാര താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി ചൈന പ്രവർത്തിക്കുമെന്നും ചൈനീസ് എംബസി കോൺസിലാറും വക്താവുമായ ജി റോംഗ് പറഞ്ഞിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ അധികമാരും ശ്രദ്ധിയ്ക്കാതെ പോയ മറ്റൊരു കാര്യമുണ്ടായിരുന്നു.ചൈനയിൽ ഏറെ പ്രചാരത്തിലുള്ള 'വീ ചാറ്റി'നു മേലുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി തങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിച്ചുവെന്നുകൂടി അദ്ദേഹം അറിയിച്ചിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ട് ആകെ 106 ചൈനീസ് ആപ്പുകളാണ് ഇതുവരെ കേന്ദ്ര സർക്കാർ നിരോധിച്ചത്.
ഇത് കൂടാതെ 250 ആപ്പുകൾ കൂടി കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. രാജ്യസുരക്ഷയെയും ജനങ്ങളുടെ സ്വകാര്യതയെയും ബാധിക്കുന്നുവെന്ന് കണ്ടാൽ ഇവയും ഘട്ടം ഘട്ടമായി നിരോധിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ 106 ആപ്പുകൾ ഇന്ത്യ നിരോധിച്ച സഹചര്യത്തിൽ എന്തുകൊണ്ട് ഈ ഒരു ആപ്പിനായി മാത്രം ചൈന ഇന്ത്യയെ സമീപിക്കുന്നു?
അതിനുള്ള ഉത്തരം അൽപ്പം സങ്കീർണ്ണവും വിശദീകരണം ആവശ്യപ്പെടുന്നതുമാണ്. ചൈനയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന 'വീ ചാറ്റ്' വാട്സാപ്പ് പോലെയോ ഫേസ്ബുക്ക് മെസഞ്ചർ പോലെയോ വെറുമൊരു മെസേജിംഗ് പ്ലാറ്റ്ഫോം മാത്രമല്ല. നിരവധി സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന 'വീ ചാറ്റ്' ഒരു 'സൂപ്പർ ആപ്പി'ന്റെ ഗണത്തിലാണ് പെടുന്നത്. ഭക്ഷണ ഡെലിവറി സേവനം, ഓൺലൈൻ ടാക്സി സേവനം എന്നിവയിൽ തുടങ്ങി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ നൽകുന്ന സേവനങ്ങളും വീ ചാറ്റ് നൽകുന്നുണ്ട്( ചൈനയ്ക്ക് മേൽപ്പറഞ്ഞ സോഷ്യൽ മീഡിയ ആപ്പുകളുടെ സ്വന്തം പതിപ്പുകളുണ്ട് എന്നതും ഓർക്കുക).
ഈ സേവനങ്ങൾ നൽകുന്നത് വഴി മറ്റൊരു സോഷ്യൽ മീഡിയ ആപ്പിനും ലഭ്യമല്ലാത്ത ഒരു ഗുണമാണ് വീ ചാറ്റിന് ലഭിക്കുന്നത്. ചൈനയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളിൽ നിന്നും, ചിന്തിക്കാൻ പോലും ആകാത്തത്ര ഭീമമായ ഡാറ്റയും സ്വകാര്യ വിവരങ്ങളുമാണ് വീ ചാറ്റിനും ആപ്പിന്റെ ഉടമസ്ഥരായ 'ടെൻസെന്റി'നും ലഭിക്കുന്നത്. ഇതുകൊണ്ടുള്ള ദോഷങ്ങളുടെ രൂക്ഷത മനസിലാകാൻ ഇന്ത്യ പോലുള്ള ലോകരാജ്യങ്ങളിലേക്ക് വീ ചാറ്റിന്റെ 'സേവനങ്ങൾ' വന്നുചേർന്നാൽ എന്തു സംഭവിക്കും എന്ന് മാത്രം ചിന്തിച്ചാൽ മതിയാകും.
വീ ചാറ്റും അതുപോലെയുള്ള മറ്റ് ആപ്പുകളും വഴി മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ ജനങ്ങളിലും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിലും കൃത്യമായ സ്വാധീനം ചെലുത്താൻ ഡാറ്റ എന്ന 'പുതിയ ലോകത്തിന്റെ സ്വർണം' വഴി ചൈനയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചൈനീസ് ആപ്പുകളെ നാട് കടത്താനുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം തീർച്ചയായും പ്രശംസനീയവുമാണ്. ഇന്ത്യയിൽ ആലിബാബ, ടെൻസെന്റ് തുടങ്ങിയ ചൈനീസ് ടെക്ക് ഭീമന്മാർ കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വസ്തുതയും ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്.
ഈയിടെ, മൂല്യത്തിൽ സോഷ്യൽ മീഡിയ ഭീമനായ അമേരിക്കയുടെ ഫേസ്ബുക്കിനെ പോലും ടെൻസെന്റ് മറികടന്നത് വാർത്തയായിരുന്നു. പബ് ജി, കാൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമിംഗ് ആപ്പുകളിലൂടെ ഇപ്പോൾ തന്നെ ടെൻസെന്റ് ഇന്ത്യയിൽ പിടിമുറുക്കിക്കഴിഞ്ഞുവെന്ന വസ്തുതയും ആശങ്കപ്പെടുത്തുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ഭയപ്പെടുത്തുന്ന വളർച്ചയിലൂടെ ചൈനയുടെ ലക്ഷ്യം ലോകത്തിലെ അടുത്ത 'സൂപ്പർ പവർ' ആയി മാറുകയെന്നതാണ്. അതിനായി അവർ ഉപയോഗിക്കുന്നതോ 'സൂപ്പർ ആപ്പുകളെ'യും.