ന്യൂഡൽഹി: രാജ്യത്തെ അന്താരാഷ്‌ട്ര പാസഞ്ചർ വിമാന സവീസുകൾക്കുളള വിലക്ക് ആഗസ്റ്റ് 31 വരെ തുടരും. എന്നാൽ വിലക്ക് കാർഗോ വിമാനങ്ങൾക്കൊ മറ്റു പ്രത്യേക വിമനങ്ങൾക്കൊ ബാധകമാകില്ല. അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്തുളള ഉത്തരവ് ആഗസ്റ്റ് 31 വരെ നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
രാജ്യത്ത് കൊവിഡ് വൈറസ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂലായ് 31 വരെ അന്താരാഷ്‌ട്ര വിമാനസർവീസുകൾ റദ്ദ് ചെയ്യാൻ നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾ 33 ശതമാനത്തിൽ നിന്നും 45 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും വ്യോമയാന മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് പകർച്ചവ്യാധി ലോകത്തെ 185 രാജ്യങ്ങളിൽ വ്യാപിച്ചതിനാൽ മാർച്ച് 23 മുതൽ ഇന്ത്യയിലേക്കുളള അന്താരാഷ്ട്ര വിമാന സർവീസുകൾ നിറുത്തിവച്ചിരിക്കുകയാണ്. മെയ് 25 മുതൽ നിയന്ത്രിത ആഭ്യന്തര സർവീസുകൾ ആരംഭിച്ചിരുന്നു. വിദേശ രാജ്യങ്ങളിൽ കൊവിഡ് മൂലം കുടുങ്ങി കിടക്കുന്നവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി 2,500 ഓളം ആഭ്യന്തര വിമാന സർവീസുകളാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.