fifa

സൂറിച്ച് : വെളുക്കാൻ തേച്ചത് പാണ്ടായി മാറുക എന്ന പഴമൊഴി അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ കാര്യത്തിൽ സത്യമായിരിക്കുകയാണ്. മുൻ പ്രസിഡന്റ് സെപ് ബ്ളാറ്റർ നടത്തിയ അഴിമതികളിൽ പ്രതിസന്ധിയിലായ ഫിഫയെ ശുദ്ധീകരിക്കാൻ കൊണ്ടുവന്ന ഇപ്പോഴത്തെ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോയ്ക്കെതിരെയുള്ള കേസാണ് പുതിയ പ്രതിസന്ധി.

ഫിഫയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന, സ്വിറ്റ്സർലൻഡ് അറ്റോർണി ജനറൽ മൈക്കൽ ലോബറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളാണ് ഇൻഫാന്റിനോയെ പ്രതിസന്ധിയിലാക്കിയത്.ഇൻഫാന്റിനോക്കെതിരേ സ്വിസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ക്രിമിനൽ നിയമനടപടി ആരംഭിച്ചു കഴിഞ്ഞു.

ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിൽ, അഴിമതി അന്വേഷണത്തിന്റെ തലവനായിരുന്നു ലോബർ.

ലോബറും ഇൻഫാന്റിനോയും മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് മൈക്കൽ ലോബർ കഴിഞ്ഞ ആഴ്ച അറ്റോർണി ജനറൽ സ്ഥാനം രാജിവെച്ചു. മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥൻ റിനാൾഡോ ആർനോൾഡിനെതിരേയും നടപടിയുണ്ടാകും.

സംഭവത്തിൽ അന്വേഷണം നടത്തിയ സ്പെഷ്യൻ പ്രോസിക്യൂട്ടർ സ്റ്റെഫാൻ കെല്ലർ, ഇൻഫാന്റിനോയ്ക്കെതിരേ ക്രിമിനൽ നടപടി ആരംഭിക്കാമെന്ന് റിപ്പോർട്ട് നൽകി. സർക്കാർ ഓഫീസിന്റെ ദുരുപയോഗം, ഔഗ്യോഗിക രഹസ്യങ്ങൾ ലംഘിച്ചു, കുറ്റക്കാർക്ക് സഹായം ചെയ്തു എന്നിവയാണ് പ്രധാന കുറ്റങ്ങളായി പറഞ്ഞിരിക്കുന്നത്.

ഇൻഫാന്റിനോ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ചകൾക്കെതിരേ നേരത്തേ പരാതി ലഭിച്ചിരുന്നു. ആ കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നായിരുന്നു ഇൻഫാന്റിനോയുടെ നിലപാട്. അന്നത്തെ കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചചെയ്തതെന്ന് ഓർമയില്ലെന്ന് ഇരുവരും പറഞ്ഞതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

2018-ലെ റഷ്യ, 2022-ലെ ഖത്തർ ലോകകപ്പ് വേദികൾ അനുവദിക്കുന്നതിലും ടെലിവിഷൻ സംപ്രേഷണാവകാശം നൽകുന്നതിലുമുള്ള വൻ അഴിമതിയാണ് അന്നത്തെ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ സ്ഥാനം തെറിപ്പിച്ചത്. തുടർന്ന് 2016-ലാണ് യുവേഫ സെക്രട്ടറി ജനറലായിരുന്ന ഇൻഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.

2015-ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഏഴ് ഫിഫ ഭാരവാഹികൾ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബ്ലാറ്റർ വിജയിച്ചെങ്കിലും പിന്നീട് രാജിവെച്ചു. ഇതിന് പിന്നാലെ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റീനിയും രാജിവെച്ചു. പ്ലാറ്റീനിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പണമെത്തിയത് കണ്ടെത്തിയതോടെയായിരുന്നു രാജി. ഫിഫ സദാചാര സമിതി ഇരുവർക്കും ഫുട്ബോളിൽനിന്ന് എട്ടുവർഷം വിലക്കും പ്രഖ്യാപിച്ചു.

ഫിഫ മുൻ വൈസ് പ്രസിഡന്റ് ജാക്ക് വർണർ, കോൺകകാഫ് മുൻ പ്രസിഡന്റ് കോസ്താസ് ടക്കാസ്, സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് നിക്കോളാസ് ലിയോസ്, മുൻട്രഷറർ കാർലോസ് ചാവേസ്, ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ മുൻ പ്രസിഡന്റ് ഹോസെ മരിയ മരിൻ തുടങ്ങിയവർ കേസിൽ കുറ്റാരോപിതരായിരുന്നു.