vaccine

ന്യൂയോർക്ക്: അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു. വാക്സിന്റെ കുരങ്ങുകളിലുള്ള പരീക്ഷണം വിജയിച്ചതിനെ തുടർന്നാണിത്. തങ്ങളുടെ വാക്സിന്റെ ഒരൊറ്റ ഡോസ് നൽകിയ ആറിൽ അഞ്ച് കുരങ്ങുകളിലും കൊറോണ വൈറസ് ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയതായി കമ്പനി പറയുന്നു. യു.എസിലും ബെൽജിയത്തിലുമായി 18നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള 1,000 വോളന്റിയർമാരിലാണ് വാക്സിൻ പരീക്ഷണം നടക്കുക. 65 വയസിന് മേൽ പ്രായമുള്ളവരെയും വിധേയമാക്കും. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ വാക്സിൻ ഏറെ പ്രതീക്ഷാവഹമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. യു.എസിൽ വാക്സിൻ ഗവേഷണങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ 456 മില്യൺ ഡോളറാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയ്ക്ക് അനുവദിച്ചിരിക്കുന്നത്