കാൻബെറ : ലോകത്തെ ഏറ്റവും ഉയരം കൂടിയ ജിറാഫ് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ മൃഗശാലയിൽ ജീവിക്കുന്ന ' ഫോറസ്‌റ്റ് ' എന്ന ആൺ ജിറാഫ്. 18 അടി 8 ഇഞ്ചാണ് ( 5.7 മീറ്റർ ) ഫോറസ്‌റ്റിന്റെ ഉയരം. ക്വീൻസ്‌ലൻഡിലെ 'ഓസ്ട്രേലിയ' മൃഗശാലയിലാണ് 12 വയസുകാരനായ ഫോറസ്‌റ്റിന്റെ താമസം.
2007ൽ ന്യൂസിലൻഡിലെ ഓക്ക്‌ലന്റ് മൃഗശാലയിലാണ് ഫോറസ്‌റ്റ് ജനിച്ചത്. രണ്ട് വയസുള്ളപ്പോഴാണ് ഫോറസ്‌റ്റ് ഓസ്ട്രേലിയയിൽ അന്തരിച്ച ലോകപ്രശസ്ത വന്യജീവി വിദഗ്ദ്ധനും ടെലിവിഷൻ അവതാരകനുമായിരുന്ന സ്‌റ്റീവ് ഇർവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൃഗശാലയിലേക്കെത്തുന്നത്. 12 ജിറാഫ് കുഞ്ഞുങ്ങളുടെ പിതാവാണ് ഫോറസ്‌റ്റ് ഇന്ന്. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ജീവിയായ ജിറാഫുകൾ സാധാരണ 15 മുതൽ 18 വരെ ഉയരം വയ്ക്കും.
1,000 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ' ഓസ്ട്രേലിയ മൃഗശാല ' ഇപ്പോൾ സ്‌റ്റീവ് ഇർവിന്റെ ഭാര്യ ടെറി, മക്കളായ ബിന്ദി, റോബർട്ട് എന്നിവരുടെ ഉടമസ്ഥതയിലാണ്.