rishiraj-singh

തിരുവനന്തപുരം: ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റാനുള്ള ഉത്തരവിൽ വിട്ടുവീഴ്ച ചെയ്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്. സ്ഥലംമാറ്റ പട്ടികയിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ജയിൽ ഡി.ജി.പി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. പട്ടികയിലെ ചിലരുടെ പേരുകൾ ഉൾപ്പെട്ടതിലായിരുന്നു ഋഷിരാജ് സിംഗിന് അസംതൃപ്തി ഉണ്ടായിരുന്നത്.

ഉത്തരവ് നടപ്പാക്കില്ല എന്ന് ഡി.ജി.പി നിലപാടെടുത്തതോടെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ സമ്മർദത്തിന് വഴങ്ങാൻ തീരുമാനിച്ചത്. തുടർന്ന് രണ്ടാഴ്ചയ്ക്കിടെ മൂന്നാം വട്ടവും ജയിൽ ഡി.ജി.പിയുടെ സമ്മർദ്ദം മൂലം ട്രാസ്ഫർ ലിസ്റ്റ് തിരുത്തപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർ മൂന്നു വർഷത്തിൽ കൂടുതൽ ഒരേ പദവിയിൽ തുടരാൻ പാടില്ല എന്ന കീഴ്‌വഴക്കവും ഇതോടെ തിരുത്തപ്പെട്ടു.

പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിക്കേണ്ട എന്ന നയം പിന്തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടതും ആഭ്യന്തര വകുപ്പ് ഋഷിരാജ് സിംഗിന് വഴങ്ങാനായി തീരുമാനിച്ചതുമെന്നാണ് വിവരം. താൻ ശുപാർശ ചെയ്ത പേരുകൾക്ക് വിരുദ്ധമായി ചില പേരുകൾ ലിസ്റ്റിൽ ഇടം പിടിച്ചതാണ് മൂന്ന് തവണയും ജയിൽ ഡി.ജി.പി എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം എന്നും സൂചനയുണ്ട്.