ശ്രീനഗർ: ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ വീട്ടുതടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷാ നിയമപ്രകാരം മൂന്നാം തവണയാണ് മെഹബൂബയുടെ തടങ്കൽ കാലാവധി നീട്ടുന്നത്.
പീപ്പിൾ കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെ ഇന്ന് തടങ്കലിൽ നിന്ന് വിട്ടയച്ചു. കഴിഞ്ഞ മാർച്ചിൽ നാഷണൽ കോൺഫറൻസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായിരുന്ന ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്‌ദുള്ളയേയും മോചിപ്പിക്കുകയും ചെയ്തിരുന്നു.
കാശ്‌മീർ പുന:സംഘടനയ്ക്ക് പിന്നാലെ കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിനാണ് മറ്റ് നേതാക്കൾക്കൊപ്പം പി.ഡി.പി നേതാവ് മെഹബൂബയെയും വീട്ടുതടങ്കലിലാക്കുന്നത്. കഴിഞ്ഞ മാസം മുതൽ മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയിരുന്നു.