മുംബയ്: പ്രണയവും വിരഹവും നിറഞ്ഞ ശബ്ദ സൗകുമാര്യം കൊണ്ട് ലക്ഷോപലക്ഷങ്ങളുടെ ഹൃദയം കവർന്ന അനശ്വരഗായകന്റെ വേർപാടിന് 40 വയസ്. വിഖ്യാത ഗായകൻ മുഹമ്മദ് റാഫിയുടെ ഓർമ്മദിനത്തിൽ വിലമതിക്കാനാവാത്ത മൂന്ന് ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവച്ചാണ് ഇന്ത്യയുടെ വാനമ്പാടി, 90 പിന്നിട്ട ലതാമങ്കേഷ്കർ ഇങ്ങനെ കുറിച്ചു .' മഹാഗായകൻ റാഫി സാഹബിന്റെ ഓർമ ദിവസമാണിന്ന്. സ്മരണാഞ്ജലി അർപ്പിക്കുന്നു'.
ലതപങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിലാകെ വൈറലായി. ഒരുകാലഘട്ടത്തിൽ ബോളിവുഡിനെ കീഴടക്കിയിരുന്ന മുഹമ്മദ് റാഫിയുടെയും കിഷോർകുമാറിന്റെയും ഒപ്പമുള്ള ചിത്രമാണ് ലത പങ്കുവച്ചതിലൊന്ന്. റാഫിയും ലതയും ചേർന്ന് നിരവധി യുഗ്മ- വിരഹ ഗാനങ്ങളാണ് ശ്രോതാക്കൾക്ക് സമ്മാനിച്ചിട്ടുള്ളത്.
1924 ഡിസംബർ 24ന് അമൃതസറിനടുത്ത് കോട്‌ല സുൽത്താൻ സിംഗിൽ ഹാജിഅലി മുഹമ്മദിന്റെയും അല്ലാ രാഹ മുഹമ്മദ്ശാഫിയുടെയും മകനായി ജനിച്ച റാഫിയിലെ ഗായകനെ പ്രോത്സാഹിപ്പിച്ചത് സഹോദരീ ഭർത്താവ് ഹമീദാണ്. 13ാം വയസിൽ കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരിയിൽ പകരക്കാരനാകാൻ അവസരം ലഭിച്ചതോടെ റാഫിയുടെ രാശി തെളിഞ്ഞു. 10 രൂപ പ്രതിഫലത്തിൽ ആദ്യമൊക്കെ സിനിമയിൽ പാടിയ റാഫിയെ ഇതിഹാസ സംഗീത സംവിധായകൻ നൗഷാദ് അലി കണ്ടെത്തിയതോടെ തലവര തന്നെ മാറി. ഹിന്ദിക്ക് പുറമെ മൈഥിലി, ഭോജ്പുരി, ബംഗാളി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷകളിലായി ഏഴായിരത്തിലധികം ഗാനങ്ങളാണ് റാഫി ആലപിച്ചത്.
1980 ജൂലായ് 31 ന് 55ാം വയസിൽ ഹൃദയാഘാതത്തിന്റെ രൂപത്തിൽ റാഫിയെ മരണം കവർന്നെടുത്തു. ജൂഹു മുസ്ളിം കബർസ്ഥാനിൽ നടന്ന സംസ്കാര ചടങ്ങുകളിൽ പതിനായിരങ്ങൾ വിലാപയാത്ര നടത്തി. ആരാധകർ അദ്ദേഹത്തിന്റെ കബർ സന്ദർശിക്കുന്നതും പതിവായിരുന്നു. പിന്നീട് പുതിയ കബറുകൾക്കു വേണ്ടി റാഫി ഉൾപ്പെടെയുള്ളവരുടെ കബറിടങ്ങൾ പൊളിച്ചെങ്കിലും അതിനടുത്തുള്ള മരച്ചുവട്ടിലിരിക്കാൻ ഇപ്പോഴും ആരാധകരെത്തുന്നു. മണ്ണോടലിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജനലക്ഷങ്ങളിൽ പ്രിയപ്പെട്ട ശബ്ദമായി റാഫിയുടെ മാന്ത്രിക സ്വരം നിറഞ്ഞു നിൽക്കുന്നു.