ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൽ.ഐ.സി) 2019-20ൽ 25.17 ശതമാനം വളർച്ചയുമായി 1.78 ലക്ഷം കോടി രൂപയുടെ പുതു പ്രീമിയം ബിസിനസ് സ്വന്തമാക്കി. പെൻഷൻ, ഗ്രൂപ്പ് സൂപ്പർ ആന്വേഷൻ ബിസിനസ് ചരിത്രത്തിൽ ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്ന്, 1.26 ലക്ഷം കോടി രൂപയിലെത്തി. 39.46 ശതമാനമാണ് വർദ്ധന.
മൊത്തം പ്രീമീയം വരുമാനം 3.37 ലക്ഷം കോടി രൂപയിൽ നിന്ന് 12.42 ശതമാനം വർദ്ധിച്ച് 3.79 ലക്ഷം കോടി രൂപയായി. മൊത്തം പോളിസി വിതരണം 2.54 ലക്ഷം കോടി രൂപയാണ്; വർദ്ധന 1.31 ശതമാനം. 9.83 ശതമാനം വളർച്ചയുമായി 6.15 ലക്ഷം കോടി രൂപയുടെ മൊത്തം വരുമാനവും എൽ.ഐ.സി നേടി. കമ്പനിയുടെ മൊത്തം ആസ്‌തി 2.71 ശതമാനം ഉയർന്ന് 31.96 ലക്ഷം കോടി രൂപയിലുമെത്തി.