michelle-bolsonaro

സാവോ പോളോ : ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയുടെ ഭാര്യ മിഷേൽ ബൊൽസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീലിയൻ മന്ത്രിസഭയിലെ ഒരു മന്ത്രിയ്ക്കും കൊവിഡ് പോസിറ്റീവാണ്. പ്രസിഡൻഷ്യൽ ഓഫീസാണ് മിഷേലിന് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജെയ്ർ ബൊൽസൊനാരോ കൊവിഡ് മുക്തനായത്.

മിഷേലിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സയൻസ് ആൻഡ് ടെക്നോളജി മന്ത്രിയായ മാർകോസ് പോന്റസ് താൻ കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. ബൊൽസൊനാരോ മന്ത്രിസഭയിൽ കൊവിഡ് ബാധിതനാകുന്ന അഞ്ചാമത്തെ മന്ത്രിയാണ് പോന്റസ്.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമായ ബ്രസീലിൽ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി കുത്തനെ ഉയരുകയാണ്. നിലവിൽ 2,613,789 പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 91,377 പേർ മരിച്ചു.