piic

ന്യൂഡൽഹി: സച്ചിൻ പെെലറ്റിനേയും 18 വിമത എം.എൽ.എമാരെയും അയോഗ്യരാക്കിയ സ്പീക്കർ സി.പി ജോഷിയുടെ നടപടി സ്റ്റേ ചെയ്ത ഹെെക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് രാജസ്ഥാൻ ചീഫ് വിപ്പ് മഹേഷ് ജോഷി. എം.എൽ.എമാർക്കെതിരെ നടപടിയെടുക്കരുതെന്ന ഹെെക്കോടതി ഉത്തരവിന് എതിരെ സ്പീക്കർ അപ്പീൽ നൽകിയതിന് പിന്നാലെയാണ് മഹേഷ് ജോഷിയും സുപ്രീംകോടതിയെ സമീപിച്ചത്.

ഹെെക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മഹേഷ് ജോഷി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു. ഹെെക്കോടതിയുടെ വിധി 1992ലെ കിഹോട്ടോ ഹോളോഹോണിന്റെ വിധിയ്ക്കെതിരാണെന്നും, അയോഗ്യരാക്കാനുളള സ്പീക്കറുടെ അധികാരത്തിൽ ജുഡീഷ്യൽ ഇടപെടൽ സാദ്ധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെെക്കോടതി ഉത്തരവ് സഭാ നടപടികളെ തടസപ്പെടുത്തുന്നുവെന്ന് കാണിച്ച് രണ്ട് ദിവസം മുമ്പ് സ്പീക്കർ സി.പി ജോഷി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അശോക് ഗെലോട്ടിനെതിരെ വിമർശനമുയർത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സച്ചിൻ പെെലറ്റിനെ നീക്കിയത്. ഇതിന് പിന്നാലെ പാർട്ടി തീരുമാന പ്രകാരം സച്ചിൻ പെെലറ്റിനെയും 18 വിമത എം.എൽ.എമാരെയും അയോഗ്യരാക്കാൻ സ്പീക്കർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സച്ചിൻ പെെലറ്റ് സമർപ്പിച്ച ഹർജിയിലാണ് രാജസ്ഥാൻ ഹെെക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.