sbi

ന്യൂഡൽഹി: നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ എസ്.ബി.ഐ 81 ശതമാനം കുതിപ്പോടെ 4,​189.34 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2019ലെ സമാനപാദത്തിൽ ലാഭം 2,​312.20 കോടി രൂപയായിരുന്നു. എസ്.ബി.ഐ ലൈഫിലെ ഓഹരി പങ്കാളിത്തം കുറച്ചതിലൂടെ ലഭിച്ച 1,​539.73 കോടി രൂപയാണ് ലാഭമുയർത്തിയത്. 57.60 ശതമാനത്തിൽ നിന്ന് 55.5 ശതമാനമായാണ് ഓഹരി പങ്കാളിത്തം കുറച്ചത്.

അറ്റ പലിശ വരുമാനം 22,​938 കോടി രൂപയിൽ നിന്നുയർന്ന് 26,​641 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 6.15 ശതമാനത്തിൽ നിന്ന് 5.44 ശതമാനമായി കുറഞ്ഞതും ബാങ്കിന് നേട്ടമായി. അതേസമയം,​ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയായി (പ്രൊവിഷനിംഗ്)​ 12,​501 കോടി രൂപ ബാങ്ക് മാറ്റിവച്ചു. ജനുവരി-മാർച്ചിൽ ഇത് 9,​182 കോടി രൂപയായിരുന്നു. കൊവിഡ് വായ്‌പകൾക്കായി ഈയിനത്തിൽ 3,​008 കോടി രൂപയാണ് ബാങ്ക് വകയിരുത്തിയത്.