sx

നാസ:ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സ് കമ്പനിയുടെ ക്രൂഡ്രാഗൺ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാസയുടെ രണ്ട് സഞ്ചാരികളുമായി നാളെ ഭൂമിയിൽ തിരിച്ചെത്തും.

പേടകം ഇന്ന് സന്ധ്യയ്‌ക്ക് 7.34ന് ( ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.04ന് )​ നിലയത്തിൽ നിന്ന് വേർപെടും (അൺഡോക്കിംഗ്). കാലാവസ്ഥ അനുകൂലമാണെങ്കിൽ പ്രാദേശിക സമയം ഞായറാഴ്ച പകൽ 2.42ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.12ന് )​ പേടകം ഫ്ലോറിഡയ്‌ക്കു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കും.

നാസയുടെ ബോബ് ബെൻകെനും ഡഗ് ഹർലിയുമാണ് ക്രൂഡ്രാഗണിലെ സഞ്ചാരികൾ.ഇവർ 64 ദിവസം നിലയത്തിൽ പരീക്ഷണങ്ങളിൽ പങ്കാളികളായി. നാല് തവണ ബഹിരാകാശത്ത് ഇറങ്ങി. സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിൽ മേയ് 30നാണ് ക്രൂ ഡ്രാഗൺ പേടകം വിക്ഷേപിച്ചത്.അവർ മടങ്ങി വരുന്നതോടെ,​ സ്വകാര്യ മേഖലയിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച റോക്കറ്റും മനുഷ്യ പേടകവും ഉപയോഗിച്ച് പൂർത്തിയാക്കുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമായിരിക്കും ഇത്.

പേടകം നാളെ ഭൗമാന്തരീക്ഷത്തിൽ.

@മടക്കയാത്രയിലെ ഏറ്റവും ദുർഘടമായ ഘട്ടം.

@അതിവേഗത മൂലം ഉണ്ടാകുന്ന കൊടും താപത്തെ അതിജീവിക്കണം

@മണിക്കൂറിൽ 27,​000 കിലോമീറ്റർ വേഗതയിലാണ് ഭൗമാന്തരീക്ഷത്തിൽ കടക്കുന്നത്. സെക്കൻഡിൽ 7.5 കിലോമീറ്റർ.

@കണ്ണഞ്ചിക്കുന്ന വേഗത പേടകത്തിന്റെ മുൻഭാഗത്ത് മാരകമായ ആഘാത തരംഗങ്ങൾ (ഷോക്ക് വേവ്സ് )​ സൃഷ്‌ടിക്കും. അതിന്റെ സമ്മർ‌ദ്ദത്തിൽ അന്തരീക്ഷ വായു 7,​000 ഡിഗ്രി വരെ ചൂടാകും (സൂര്യന്റെ ഏറ്റവും ഉപരിതലത്തിലെ താപം 5500 ഡിഗ്രിയാണ്)​ ചുട്ടുപഴുക്കുന്ന പേടകത്തിന്റെ താപകവചം വെട്ടിത്തിളങ്ങും. ഈ ചൂടിനെ പ്രതിരോധിക്കുന്നത് പിഴച്ചാൽ പേടകം കത്തിച്ചാമ്പലാവും

@കൊടുംതാപത്തിൽ പേടകത്തിനൂ ചുറ്റുമുള്ള വായുതന്മാത്രകൾ പോസിറ്റീവ് ആറ്റങ്ങളും ഫ്രീ ഇലക്ട്രോണുകളുമായി വിഘടിച്ച് പ്ലാസ്‌മയാകും. വിഘടിക്കുന്ന കുറേ തന്മാത്രകൾ വീണ്ടും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം പ്രകാശ കണങ്ങളായി (ഫോട്ടോൺ)​ മാറും. ഈ പ്രകാശം പേടകത്തിന് തിളക്കം കൂട്ടും. പ്ലാസ്മ അപകടമുണ്ടാക്കാം. അത് പേടകത്തിനു ചുറ്റും സ‌ൃഷ്ടിക്കുന്ന വൈദ്യുത മണ്ഡലം ശക്തമായാൽ റേഡിയോ സന്ദേശങ്ങളെ ബ്ലാക്ക് ഔട്ടാക്കും. മിക്ക ബഹിരാകാശ ദൗത്യങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. ക്രൂഡ്രാഗണിന് ആറ് മിനിട്ട് ഈ ബ്ലാക്കൗട്ട് ശാസ്‌ത്രജ്ഞർ പ്രതീക്ഷിക്കുന്നു. വാർത്താവനിമയം തടസപ്പെട്ട് തകരാറുണ്ടായാൽ സഞ്ചാരികൾക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ.

@ലാൻഡിംഗിന്റെ മറ്റൊരു അപകട ഘട്ടം പാരച്യൂട്ടുകൾ ഉപയോഗിച്ചുള്ള ഇറക്കമാണ്. ക്രൂ ഡ്രാഗണ് നാല് പാരച്യൂട്ടുകളുണ്ട്. വിടരാതിരുന്നാൽ അപകടമാകും. 27 തവണ പരീക്ഷിച്ച് ഇതിന്റെ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്.