ന്യൂഡൽഹി: മുഖ്യ വ്യവസായ മേഖലയുടെ വളർച്ച തുടർച്ചയായ നാലാം മാസവും നെഗറ്രീവിലേക്ക് വീണു. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖലയുടെ വളർച്ച നെഗറ്റീവ് 15 ശതമാനത്തിലേക്കാണ് ജൂണിൽ കൂപ്പുകുത്തിയത്. 2019 ജൂണിൽ വളർച്ച പോസിറ്റീവ് 1.2 ശതമാനമായിരുന്നു.
വളം, കൽക്കരി, വൈദ്യുതി, പ്രകൃതിവാതകം, സിമന്റ്, സ്‌റ്റീൽ, ക്രൂഡോയിൽ, റിഫൈനറി ഉത്‌പന്നങ്ങൾ എന്നീ എട്ട് പ്രമുഖ വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. വളം ഒഴികെ ബാക്കിയെല്ലാം ജൂണിൽ കുറിച്ചത് നെഗറ്രീവ് വളർച്ച. കൽക്കരി 15.5 ശതമാനവും ക്രൂഡോയിൽ ആറു ശതമാനവും പ്രകൃതി വാതകം 12 ശതമാനവും റിഫൈനറി ഉത്‌പന്നങ്ങൾ 8.9 ശതമാനവും സ്‌റ്രീൽ 33.8 ശതമാനവും സിമന്റ് 6.9 ശതമാനവും നെഗറ്രീവ് വളർച്ച രേഖപ്പെടുത്തി.
വൈദ്യുതോത്പാദന വളർച്ച നെഗറ്രീവ് 11 ശതമാനമാണ്. വളം ഉത്‌പാദനം പോസിറ്രീവ് 4.2 ശതമാനം ഉയർന്നു. മേയിൽ മുഖ്യവ്യവസായ വളർച്ച നെഗറ്റീവ് 22 ശതമാനമായിരുന്നു. ഏപ്രിൽ-ജൂണിൽ വളർച്ച മുൻവർഷത്തെ സമാനകാലയളവിലെ പോസിറ്റീവ് 3.4 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 24.6 ശതമാനത്തിലേക്കും കൂപ്പുകുത്തി.