muthalaq-bill

ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് മുത്തലാഖ് നിയമം കൊണ്ടുവന്നത്തിന്റെ ഒന്നാം വാർഷിക ദിനം ഫേസ്ബുക്കിലൂടെ അടയാളപ്പെടുത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മുത്തലാഖ് നിയമത്തിലൂടെ മുസ്ലിം സഹോദരിമാരുടെയും അമ്മമാരുടെയും പതിറ്റാണ്ടുകളോളം നീണ്ട കണ്ണുനീരിനാണ് കേന്ദ്ര സർക്കാർ അറുതി വരുത്തിയതെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നിരന്തര പരിശ്രമങ്ങളുടെ തുടർച്ചയാണ് ഈ നിയമമെന്നും ഇത് ഒരു സമുദായത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള നിയമമാണെന്ന സി.പി.എമ്മിന്റെ ആരോപണം ശരിയല്ലെന്നും അദ്ദേഹം കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'ഇന്ത്യയുടെ ചരിത്രത്തിലെ സുപധാന ദിനമാണിന്ന്. നരേന്ദ്ര മോദി സർക്കാർ മുത്തലാഖ് നിയമം കൊണ്ടുവന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. രാജ്യത്തെ മുസ്ലീം സഹോദരിമാരുടെയും അമ്മമാരുടെയും പതിറ്റാണ്ടുകളായുള്ള കണ്ണീരിനാണ് കേന്ദ്ര സർക്കാർ അറുതി വരുത്തിയത്. രാജ്യത്തെ വിടെയുമുള്ള സ്ത്രീയും പുരുഷനും തുല്യരാണെന്നും അവർക്ക് തുല്യ അവകാശങ്ങളാണുള്ളതെന്നുമുള്ള ബോധ്യം കൂടിയാണ് കേന്ദ്ര സർക്കാർ ആർജവത്തോടെ നടപ്പാക്കിയത്. നമ്മുടെ മുസ്ലീം സഹോദരിമാർ ഏറെക്കാലമായി ഉള്ളുലഞ്ഞ് ആവശ്യപ്പെടുന്ന കാര്യം സാധ്യമായ ഈ ദിനം മുസ്ലീം മഹിള അവകാശ ദിനമായി ആചരിക്കുകയാണ് ഇന്ന് രാജ്യം.

സാമൂഹിക നീതിയും ലിംഗ നീതിയും ഉറപ്പാക്കാനുള്ള ആർജവം കൂടിയാണ് കേന്ദ്ര സർക്കാർ കാണിച്ചത്. അതിനെ വിമർശിക്കുന്നവർ മുത്തലാഖിനെതിരെ സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി മറന്നു പോകരുത്. മുസ്ലീം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാഖ് ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നതിനാൽ നിയമ വിരുദ്ധമെന്നായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാർ രാജ്യത്ത് മുത്തലാഖ് നിയമം നടപ്പാക്കിയത്. മൂന്നു തലാഖ് ചൊല്ലിയാൽ വിവാഹ മോചനമായി എന്ന കാടൻ വ്യവസ്ഥക്കെതിരെ ഇങ്ങനെ ഒരു നിയമം അനിവാര്യമായിരുന്നു.

സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള മോദി സർക്കാരിന്റെ നിരന്തര പരിശ്രമങ്ങളുടെ തുടർച്ചയാണ് മുത്തലാഖ് നിയമം. ഇത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള നിയമമാണെന്ന സി പി എമ്മിന്റെ ആരോപണം ശരിയല്ല. ഇത് മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണ്.


നിയമം നടപ്പാക്കി ഒരു വർഷത്തിനുള്ളിൽ കേരളത്തിലടക്കം രാജ്യത്ത് മുത്തലാഖ് ചൊല്ലുന്നതിൽ 82 ശതമാനം കുറവ് വന്നത് വോട്ടുബാങ്ക് രാഷ്ട്രീയക്കാർക്ക് ഒരു പക്ഷേ പിടിച്ചിട്ടുണ്ടാവില്ല. ആരൊക്കെ എതിർത്താലും, സാമൂഹ്യ പ്രതിബദ്ധതയിൽ ഊന്നിയ സാമൂഹ്യനീതിയ്ക്കാണ് കേന്ദ്ര സർക്കാർ ശ്രമം. അതിനിയും തുടരുകയും ചെയ്യും !!

#MuslimWomenRightsDay'