മുംബയ്: അന്തരിച്ച ചലച്ചിത്രതാരം സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം ഒരു വർഷം താമസിച്ചിരുന്നെന്നും ജൂൺ എട്ടിനാണ് അവിടെ നിന്നു മാറിയതെന്നും നടിയും സുഹൃത്തുമായ റിയ ചക്രബർത്തി സുപ്രീംകോടതിയിൽ പറഞ്ഞു.
'താനും സുശാന്തും ഒരു വർഷത്തോളം ലിവ് ഇൻ റിലേഷനിലായിരുന്നു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം സുശാന്ത് വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നും' റിയ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഇതിന് ആറു ദിവസത്തിന് ശേഷം ജൂൺ 14നാണ് സുശാന്തിനെ മുംബയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാറിലെ പാട്നയിൽ റിയയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് മുംബയിലേക്ക് മാറ്റണം, ഹർജി പരിഗണിക്കുന്നതുവരെ പട്ന പൊലീസിന്റെ നടപടി സ്റ്റേ ചെയ്യണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റിയ സുപ്രീംകോടതിയെ സമീപിച്ചത്.
ആഗസ്റ്റ് അഞ്ചിന് സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കും.
എൻഫോഴ്സ്‌മെന്റ് കേസെടുത്തു
സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ സംശയകരമായ 15 കോടിയുടെ ഇടപാടുകളെക്കുറിച്ച് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമ പ്രകാരം കേസെടുത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്രതുക കൈമാറിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ബിഹാർ പൊലീസ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാട്നയിൽ നിന്നുള്ള പൊലീസ് സംഘം മൂന്ന് ദിവസമായി മുംബയിൽ ക്യാമ്പ്ചെയ്ത് അന്വേഷണം നടത്തുകയാണ്. സുശാന്തും നടി റിയ ചക്രബർത്തിയും അവരുടെ സഹോദരനും ചേർന്ന് തുടങ്ങിയ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താൻ ബിഹാർ പൊലീസ് ബാങ്കുകളിൽ അടക്കം പരിശോധന നടത്തിയിരുന്നു.
സുശാന്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് റിയ ചക്രബർത്തി അനധികൃത ഇടപാടുകൾ നടത്തിയെന്നും അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നും സുശാന്തിന്റെ അച്ഛൻ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇടപാടുകൾ നിയമാനുസൃതം ആയിരുന്നുവോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.