
മൈലാഞ്ചിയിട്ട്, അനുജത്തി അനു സോനാരയോടൊപ്പം തന്റെ പിതാവിന്റെ ഉമ്മയോടും ഒപ്പം ബലിപെരുന്നാൾ ആഘോഷമാക്കി സിനിമാ പ്രേക്ഷകരുടെ പ്രിയതാരം അനു സിതാര. അനു സൊനാരയുടെ പാട്ടിനൊപ്പമാണ് ഇരുവരും ഒപ്പന കളിക്കുന്നത്. കമൽ ചിത്രമായ 'ഗ്രാമഫോണി'ൽ നിന്നുമുള്ള 'എന്തെ ഇന്നും വന്നീലാ' എന്ന ഗാനമാണ് അനു സോനാര ആലപിക്കുന്നത്.
പേരമക്കളുടെ നൃത്തം കണ്ടുകൊണ്ട് ഇരുവരുടെയും നടുക്കായി അനുവിന്റെ പിതാവ് അബ്‌ദുൾ സലാമിന്റെ ഉമ്മ റുഖിയ ചിരിതൂകി ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ മുത്തശ്ശി അനു സിതാരയുടെ കൈയിൽ മൈലാഞ്ചി ഇടുകയും ചെയ്യുന്നുണ്ട്.
ഒടുവിൽ ആരാധകർക്ക് ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. അനുവിന്റെ വീഡിയോയ്ക്ക് കീഴിലായി സിതാര കൃഷ്ണകുമാർ, ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ എന്നിവർ ആശംസകളുമായി എത്തിയിട്ടുണ്ട്.
മിശ്ര വിവാഹിതരാണ് അനുവിന്റെ പിതാവ് അബ്‌ദുൾ സലാമും അമ്മ രേണുകയും. ചേച്ചിയുടെ വഴിയേ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യാൻ ഒരുങ്ങുകയാണ് അനുജത്തി അനു സോനാരയും. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന 'ക്ഷണം' എന്ന ചിത്രത്തിലൂടെയാണ് അനു സോനാര സിനിമയിലേക്ക് എത്തുന്നത്.