ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം മതപരമായ പ്രതീകാത്മകതയിൽ മാത്രം ഒതുങ്ങരുതെന്നും, മറിച്ച് സാംസ്കാരിക നവോത്ഥാനത്തിന്റെയും ദേശീയതയുടെയും രൂപമായാണ് കാണേണ്ടതെന്നും ആർ.എസ്.എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു.
ഇംഗ്ലീഷ് മനോഭാവത്താൽ മുഴുകിയിരിക്കുന്ന രാജ്യത്തെ സാംസ്കാരിക ദേശീയതയ്ക്ക് രാമക്ഷേത്രം അനിവാര്യമാണെന്നും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ പുനഃരുദ്ധാരണം പോലെ സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം ഉടൻ നടക്കേണ്ടതായിരുന്നു ഇതെന്നും ദത്താത്രേയ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള തറക്കല്ലിടീലും ഭൂമീപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും. അയോദ്ധ്യയിലെ ക്ഷേത്ര നിർമാണം ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെ സൂചിപ്പിക്കുന്നുവെന്നും ദത്താത്രേയ പറയുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്ര ചരിത്രത്തെ പറ്റിയുള്ള ' രാമജന്മഭൂമി ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ദത്താത്രേയ. നിയമപരമോ ഭരണപരമോ ആയ ബന്ധം മാത്രമല്ല സർക്കാരിന് രാമക്ഷേത്രവുമായുള്ളത്. ജനങ്ങളാൽ തിരഞ്ഞെടുത്തവർ എന്ന നിലയിൽ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം രാമക്ഷേത്രം നിർമിക്കുക എന്ന ഉത്തരവാദിത്വം സർക്കാരിന്റേതാണ്.
ചിലപ്പോൾ മതേതരത്വത്തിന്റേതെന്ന വ്യാജേന ക്ഷേത്ര നിർമാണത്തെ എതിർക്കുന്നവർക്ക് ശരിക്കും ഇതേപറ്റി ഒന്നുമറിയില്ല. ദേശീയതയും സാംസ്കാരിക ദേശീയതയും മതേതരത്വത്തിന്റേ പേരിൽ അടിച്ചമർത്താനാകില്ലെന്നും ദത്താത്രേയ പറയുന്നു.
ആർ.എസ്.എസ് മേധാവി മോഹൻ ഭഗ്‌വത് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന അയോദ്ധ്യയിലെ ഭൂമിപൂജാ ചടങ്ങിൽ ദത്താത്രേയ ഹൊസബാലെയും പങ്കെടുക്കുമെന്നാണ് സൂചന.
400 വർഷങ്ങളായി ബാബ്‌റി മസ്ജിദ് അയോദ്ധ്യയിൽ നിലനിന്നുവെന്നും 1992ൽ ക്രിമിനൽ ജനക്കൂട്ടം അത് തകർത്തത് മറക്കാനാകില്ലെന്നും എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസിയുടെ അഭിപ്രായം ശരിയല്ലെന്നും, ഇന്ത്യയ്ക്കെതിരായ ബ്രിട്ടീഷ് ഭരണത്തെ ന്യായീകരിക്കാനോ നൂറ്റാണ്ടുകളായി യൂറോപ്പിൽ നിലനിന്നിരുന്ന വർണവിവേചനത്തെ ന്യായീകരിക്കാനോ ഇങ്ങനെയൊരു വാദം ഉപയോഗിക്കുമോയെന്നും ദത്താത്രേയ പ്രതികരിച്ചു.