ബംഗളൂരു: കർണാടകയിൽ കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ നടക്കുന്ന അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് തെളിവുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ.
കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ 2000 കോടിയുടെ അഴിമതിയാണ് സർക്കാർ നടത്തിയത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നേരിടാൻ സർക്കാർ ഒരുക്കമാണെങ്കിൽ അഴിമതിയുടെ എല്ലാ രേഖകളും ഹാജരാക്കാൻ കോൺഗ്രസ് ഒരുക്കമാണ്. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടാൽ തനിക്കെതിരെ കേസെടുക്കാമെന്നും തൂക്കിലേറ്റാൻ വിധിക്കാമെന്നും ശിവകുമാർ പറഞ്ഞു.
കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്റിലേറ്ററുകൾ, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസറുകൾ, ഗ്ലൗസുകൾ തുടങ്ങിയവയുടെ വില കൂട്ടിക്കാണിച്ച് സർക്കാർ 2000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കൂടിയ വിലയ്ക്കാണ് സാധനങ്ങൾ വാങ്ങിയതെന്ന് വ്യക്തമാക്കുന്ന രേഖകളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ശിവകുമാർ ഉന്നയിക്കുന്നതെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് നീക്കമെന്നും ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി രവി കുമാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശിവകുമാറിനെതിരെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും എതിരെ കേസെടു
ത്തിരുന്നു.