ന്യൂഡൽഹി: ലഡാക്ക് അതിർത്തിയോട് ചേർന്നുളള പാങ്കോംഗ് തടാകത്തിലെ സംഘർഷ മേഖലകളിലേക്ക് കൂടുതൽ ബോട്ടുകൾ വിന്യസിച്ച് ചെെന. കൂടുതൽ സൈനികരെ വിന്യസിക്കുന്നതിനായി കൂടാരങ്ങൾ നിർമിക്കുന്നതിലൂടെ മേഖലയിൽ ചെെനീസ് ശക്തി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിന് തെളിവുകൾ നൽകുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
ചിത്രത്തിൽ ചെെനീസ് സേനയുടെ 13 ബോട്ടുകൾ കാണാനാകും. ഫിംഗർ 5 ൽ മൂന്ന് ബോട്ടുകളും ഫിംഗർ 6 ൽ 10 ബോട്ടുകളുമാണുളളത്. ഇന്ത്യൻ നിയന്ത്രണത്തിലായിരുന്ന ഫിംഗർ 4ന് അടുത്താണ് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്. ജൂൺ 15 ന് ഫിംഗർ 6 ൽ എട്ട് ബോട്ടുകളാണുണ്ടായിരുന്നത്. എന്നാൽ ചെെനയിപ്പോൾ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്.
15 ഓളം കൂടാരങ്ങളാണ് ഫിംഗർ 5 ൽ സ്ഥാപിച്ചിട്ടുളളത്.ഇത് ബോട്ട് ക്രൂവിന് താമസിക്കാനാണെന്നാണ് വിലയിരുത്തൽ. കഠിനമായ തണുപ്പിനെ അതിജീവിക്കാനാകുന്ന വിധത്തിലുളള കൂടാരങ്ങളാണ് ചെെനീസ് സേന ഇവിടെ നിർമിച്ചിട്ടുളളത്. ശീതകാലത്തെക്കൂടി മുന്നിൽ കണ്ടാകണം ചെെന ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സെെനിക പിൻമാറ്റത്തിനായിചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ കൂടാരങ്ങൾ നിർമിക്കുന്നതിലൂടെ പാങ്കോംഗ് തടാകത്തിലെ തങ്ങളുടെ ശക്തി വർദ്ധിപ്പിക്കാനാണ് ചെെനയുടെ നീക്കം.
അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്കിടയിലും അവർ പാങ്കോഗിൽ നിന്നും പൂർണമായും പിന്നോട്ട് പോയിട്ടില്ലെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നുവെന്നും, ഇന്ത്യയും പ്രതിരോധ നടപടികൾക്ക് തയ്യാറാകണമെന്നും മുൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലഫ്റ്റനന്റ് ജനറൽ വിനോദ് ഭാട്ടിയ പറഞ്ഞു.