
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറുടെ നിർണായക വെളിപ്പെടുത്തൽ. അപകടം നടന്ന ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ..ഫൈസലിന്റേതാണ് വെളിപ്പെടുത്തൽ..
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസൽ വെളിപ്പെടുത്തുന്നു. പത്ത് മിനിറ്റോളം ബാലഭാസ്‌കർ ബോധത്തോടെയിരുന്നുവെന്നും ഡോ. ഫൈസൽ പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ 'ഞാൻ ഉറങ്ങുകയായിരുന്നു, അപകടത്തിൻറെ ശബ്ദം കേട്ടാണ് ഉണർന്നത്' എന്ന് ബാലഭാസ്‌കർ പറഞ്ഞുവെന്നാണ് ഡോ. ഫൈസൽ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ബാലഭാസ്‌കർ ഡോ. ഫൈസലിനോട് പറഞ്ഞു. പത്ത് മിനിറ്റിനകം അവിടേക്ക് ബന്ധുക്കളെത്തിയെന്നും, പ്രാഥമിക ശുശ്രൂഷ ബാലഭാസ്‌കറിനും ഭാര്യയ്ക്കും കുഞ്ഞിനും നൽകിയതിന് പിന്നാലെ, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. ഫൈസൽ വ്യക്തമാക്കുന്നു.
അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയാണെന്നാണ് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ പറഞ്ഞിരുന്നത്. ഈ മൊഴി തെറ്റെന്ന് തെളിയിക്കുന്ന നിർണായകമായ വെളിപ്പെടുത്തലാണ് ഡോ. ഫൈസലിന്റേത്.
സ്വർണക്കടത്തുമായി ബാലഭാസ്‌കറിൻറെ അപകടമരണത്തിന് ബന്ധമുണ്ടെന്ന് ബന്ധുക്കളുൾപ്പടെ നേരത്തേ ആരോപിച്ചിരുന്നതാണ്. അന്ന് പൊലീസ് അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും വിവാദങ്ങൾ ഒടുങ്ങാത്തതിനെത്തുടർന്ന് സംസ്ഥാനസർക്കാർ കേസന്വേഷണം സിബിഐയ്ക്ക് വിടാൻ ശുപാർശ ചെയ്തു. പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്നത്.