ന്യൂഡൽഹി: ഭക്തജനങ്ങൾക്കായി നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറന്നു നൽകണമെന്ന് സുപ്രീംകോടതി. കൊവിഡ് മാനണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ അളവിൽ ഭക്തരെ ദേവാലയങ്ങളിൽ അനുവദിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. ആരാധനാലയങ്ങളിൽ നേരിട്ടെത്തി പ്രാർത്ഥിക്കുന്നതിന് പകരമാകില്ല ഓൺലൈൻ ദർശനമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമർശം.
ഇ-ദർശനം ദർശനമല്ലെന്നും, അൺലോക്ക് കാലയളവിൽ മറ്റു കാര്യങ്ങൾക്ക് ഇളവു നൽകുമ്പോൾ സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് ക്ഷേത്രങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തതെന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, എന്നിവ പ്രത്യേക അവസരങ്ങളിലെങ്കിലും തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിയോഗറിലെ ബാബ വൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രവും ബസുകിനാഥിലെ ബാബ ബസുകിനാഥ് ക്ഷേത്രവും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് അംഗം നിഷികാന്ത് ദുബെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.കൊവിഡ് ഭീഷണി ചൂണ്ടിക്കാട്ടി ജാർഖണ്ഡ് സർക്കാർ ഇത് കോടതിയിൽ എതിർത്തിരുന്നു. നിയന്ത്രണങ്ങൾ പാലിച്ച് ക്ഷേത്ര ദർശനം നടത്തുന്നതിനുളള സാദ്ധ്യതകൾ അന്വേഷിക്കാനും സുപ്രീംകോടതി ജാർഖണ്ഡ് സർക്കാരിനോട് നിർദേശിച്ചു. എന്നാൽ ഇതു സംബന്ധിക്കുന്ന ഉത്തരവുകൾ ഒന്നും പുറപ്പെടുവിച്ചില്ല. ഒരു നിർദ്ദേശവും പുറപ്പെടുവിക്കുന്നില്ലെന്നും, പൊതുജനങ്ങൾക്കായി ക്ഷേത്രങ്ങൾ തുറക്കുന്നതിനുളള സാദ്ധ്യതകൾ കണ്ടെത്താനും സംവിധാനങ്ങൾ ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ക്ഷേത്രങ്ങൾ തുറക്കണമെന്ന ആവശ്യവുമായി നിഷികാന്ത് ദുബെ നേരത്തെ ജാർഖണ്ഡ് ഹെെക്കോടതിയെ സമീപിച്ചിരുന്നു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി കോടതി ജൂലായ് മൂന്നിന് ഈ ഹർജി തളളുകയായിരുന്നു. ഇതേ തുടർന്ന് ജൂലായ് എട്ടിനാണ് നിഷികാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.