pic

അഞ്ച് വയസിൽ താഴെയുളള കുട്ടികൾ കൊവിഡ് വൈറസ് വാഹകരായേക്കാമെന്ന് പുതിയ പഠനം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ജാമ പീഡിയാട്രിക്സ് ജേണലിലാണ് ഈ പഠനം സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ശ്വാസകോശത്തിൽ വലിയ അളവിൽ കൊവിഡ് വൈറസ് വഹിക്കുന്നതായാണ് പുതിയ പഠനത്തിൽ പറയുന്നത്. കൊവിഡ് വൈറസ് കുട്ടികളിൽ നിന്നും പകരുമൊയെന്ന ചോദ്യത്തിനൊപ്പമാണ് ജേണലിൽ ഈ പഠനം നൽകിയിരിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുളള കൊവിഡ് വ്യാപനത്തിൽ കുട്ടികളുടെ പങ്കിന് ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെയില്ല.

അമേരിക്കയിലെ ആൻ & റോബർട്ട് എച്ച്. ലൂറി ചിൽഡ്രൻസ് ആശുപത്രിയിൽ മാർച്ച് 23 മുതൽ 27 വരെ നടന്ന പഠനത്തിലാണ് ഇത് വ്യക്തമായത്. ഒന്നിനും 65 വയസിനുമിടയിൽ പ്രായമുളള 145 പേരിലാണ് പഠനം നടത്തിയത്. ഇത് പ്രകാരം അ‌ഞ്ച് വയസിന് താഴെയുളള കുട്ടികളുടെ ശ്വാസകോശത്തിൽ മുതിർന്നവരെക്കാൾ പത്ത് ശതമാനം വെെറസിന്റെ സാന്നിധ്യം കൂടുതലായിരുന്നു. പുതിയ വൈറസുകളെ നിർമിക്കുന്നതിനുളള പ്രോട്ടീനുകൾ അഞ്ച് വയസിൽ താഴെയുളള കുട്ടികളിൽ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. പ്രോട്ടീനുകളുടെ ജനിതക കോഡുകൾ സംബന്ധിച്ച് മാത്രം നടത്തിയ പഠനമായതിനാൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയാൽ മാത്രമെ കുട്ടികളിലെ വൈറസ് വ്യാപനം സ്ഥിരീകരിക്കാനാകു.