jdjd
.

മലപ്പുറം: മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ്‌ വൺ പ്രവേശനം ഉറപ്പാക്കുന്നതിനായി വിവിധ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ ആവശ്യമായ ക്രമീകരണം നടത്തുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ജില്ലയിലെ വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷവും ഇത്തരത്തിൽ 30 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിരുന്നു. സംസ്ഥാന തലത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9,​412 വിദ്യാർത്ഥികളുടെ കുറവാണ് ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചവരിൽ. എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാനുള്ള സീറ്റുണ്ടെങ്കിലും മലപ്പുറം ഉൾപ്പെടെ ചില ജില്ലകളിൽ സീറ്റിൽ കുറവുണ്ട്.

ജില്ലയിൽ ഇത്തവണ 76,663 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി വിജയിച്ചത്. ഇവർക്കായി സർക്കാർ, എ‌യ്ഡഡ് സ്കൂളുകളിലായി 53,950 പ്ലസ്‌വൺ സീറ്റുകളുണ്ട്. കഴിഞ്ഞ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ 41,​500 സീറ്റുകളായിരുന്നു. ആദ്യം 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചതിലൂടെ 8,​300 പേർക്കും പിന്നീട് പത്ത് ശതമാനവും കൂടി വർദ്ധിപ്പിച്ചതോടെ ആകെ 12,450 വിദ്യാർത്ഥികൾക്ക് അധികമായി പഠനാവസരം ലഭിച്ചു. അൺഎയ്ഡഡ് മേഖലയിൽ 11,​257 സീറ്റുകളുണ്ട്. സർക്കാർ,​ എയ്ഡഡ്,​ അൺഎയ്ഡഡ് മേഖലകളിലായി ആകെ 65,​225 സീറ്റുകളുണ്ട്. പോളിടെക്നിക്ക് - 1,150, ഐ.ടി.ഐ - 762 എന്നിങ്ങനെ ഇതിന് പുറമെയാണ്. മുഴുവൻ വിദ്യാർത്ഥികളും പ്ലസ് വണ്ണിന് അപേക്ഷിച്ചാൽ 11,​438 കുട്ടികൾ പുറത്തിരിക്കേണ്ടി വരും.

വലിയ കുറവില്ല

മുൻവർഷങ്ങളെ അപേക്ഷിച്ച് പ്ലസ്‌‌വൺ സീറ്റിന്റെ കാര്യത്തിൽ ജില്ലയിൽ വലിയ പ്രതിസന്ധിയില്ല. സ്വകാര്യ മേഖലയിലെ വിവിധ തൊഴിലധിഷ്ടിത കോഴ്സുകൾക്ക് ചേരുന്നവരെ കൂടി കണക്കിലെടുത്താൽ സീറ്റിനായുള്ള മത്സരം കുറയും. പ്ലസ്‌വൺ പ്രവേശനത്തിന്റെ അവസാനഘട്ടത്തിലാണ് സീറ്റുകൾ വർദ്ധിപ്പിക്കാറുള്ളത്. വൈകി പ്രവേശനം നേടുന്ന കുട്ടികളുടെ അക്കാദമിക നിലവാരവും ഭൗതിക സാഹചര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടി പാഠ്യരംഗത്ത് മികവ് പുലർത്തുന്ന സ്കൂളുകൾ ഇതിനോട് മുഖം തിരിക്കാറുണ്ട്. പഠനത്തിൽ പിന്നാക്കമുള്ള കുട്ടികൾ സയൻസ് ബാച്ചുകളിൽ പ്രവേശനം നേടാനും മടിക്കും. ഇത്തരത്തിൽ വിവിധ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

പ്ലസ്‌വൺ സീറ്റുകളുടെ വർദ്ധനവുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല. സീറ്റ് വർദ്ധിപ്പിക്കുകയാണെങ്കിൽ തന്നെ അത് അവസാനഘട്ടത്തിലാവും.

കെ. സ്നേഹലത,​ ഹയർസെക്കൻ‌ഡറി റീജ്യണൽ ഡ‌െപ്യൂട്ടി ഡയറക്ടർ