gggg
.

മലപ്പുറം: ജില്ലയിൽ വിതരണം ചെയ്യാൻ അവശേഷിക്കുന്നത് 13 ലക്ഷത്തോളം പാഠപുസ്തകങ്ങൾ. ആകെ 56.39 ലക്ഷം പുസ്തകങ്ങൾ വേണ്ടയിടത്ത് 4​3,​​36,​688 ലക്ഷം പുസ്തകങ്ങൾ ഇതിനകം വിതരണം ചെയ്തു. 80 ശതമാനം പുസ്തകങ്ങൾ വിതരണം ചെയ്തതായി ജില്ലാ ബുക്ക് ഡിപ്പോ അധികൃതർ പറഞ്ഞു. നിലവിൽ അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. 6.14 ലക്ഷം പുസ്തകങ്ങൾ അൺഎയ്ഡഡ് സ്കൂളുകളിലേക്ക് ആവശ്യമുണ്ട്. ഇതൊഴിച്ച് നിറുത്തിയാൽ സർക്കാർ സ്കൂളുകളിൽ പുസ്തക വിതരണം ഏതാണ്ട് പൂർത്തിയായി. മൂന്ന് ദിവസത്തിനകം പുസ്തക വിതരണം പൂർത്തിയാക്കാനാണ് ജില്ലാ ബുക്ക് ഡിപ്പോ അധികൃതർ ലക്ഷ്യമിടുന്നത്. ജൂണോട് കൂടി പുസ്തക വിതരണം പൂർത്തിയാവുമെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. കാക്കനാട്ടെ പ്രിന്റിംഗ് പ്രസിൽ നിന്ന് പുസ്തകങ്ങൾ അച്ചടിച്ചു കിട്ടുന്നതിൽ കാലതാമസം വന്നു.

ഇന്നലെ 80,392 പുസ്തകങ്ങൾ വിതരണം ചെയ്തു. വേങ്ങര എ.ഇ.ഒ പരിധിയിൽ - 7, മലപ്പുറം - 3, നിലമ്പൂർ - 7, പെരിന്തൽമണ്ണ - 4, മേലാറ്റൂർ - 3, മഞ്ചേരി - 2, വണ്ടൂർ - 1, പരപ്പനങ്ങാടി - 2 എന്നിങ്ങനെയാണ് സ്കൂളുകളിലേക്ക് ഇന്നലെ പുസ്തകം നൽകിയത്. രണ്ട് ലോ‌‌ഡ് പുസ്തകങ്ങൾ കൂടി എത്തിയിട്ടുണ്ട്. ഒരുലക്ഷത്തോളം പുസ്തകങ്ങൾ ഇന്ന് വിതരണം ചെയ്യും. കൊവിഡ് വ്യാപനത്തിന് പിന്നാലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പൊന്നാനി, എടപ്പാൾ, താനൂർ എ.ഇ.ഒ പരിധികളിലെ സ്കൂളുകളിൽ പുസ്തക വിതരണം നടക്കുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്ന ശേഷമേ പുസ്തക വിതരണം തുടങ്ങൂ. ഓൺലൈൻ പഠനം രണ്ടാംമാസത്തിലേക്ക് കടന്നിരിക്കെ പുസ്തകങ്ങൾ പൂർ‌ണ്ണമായും ലഭിക്കാത്തത് പഠനത്തിന് പ്രതികൂലമാകുമെന്ന ആശങ്ക വിദ്യാർ‌ത്ഥികൾക്കും അദ്ധ്യാപകർക്കുമിടയിലുണ്ട്. സംസ്ഥാനത്ത് ജൂലൈ 15നകം പുസ്തക വിതരണം പൂർത്തിയാക്കണമെന്നാണ് സ‌ർക്കാർ നൽകിയ നിർദ്ദേശം.

ജില്ലയിൽ പുസ്തക വിതരണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ പുസ്തകങ്ങൾ ഭൂരിഭാഗവും നൽകി. അവശേഷിക്കുന്ന ക്ലാസുകളിലേക്കുള്ള വിതരണം വേഗത്തിൽ പൂ‌ർത്തിയാക്കും.

മനോഹരൻ, ജില്ലാ പാഠപുസ്തക വിതരണ കോർഡിനേറ്റർ