makane
പരേശിന്റെ ചിത്രവുമായി മാതാവ്

തിരുനാവായ: 2013 ജൂലായ് ആറ്. അച്ഛന്റെ ശ്രാദ്ധദിനത്തിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ പിതൃതർപ്പണത്തിനെത്തിയതായിരുന്നു കല്പകഞ്ചേരി മാമ്പ്ര സ്വദേശി വലിയവീട്ടിൽ കൃഷ്ണൻ കുട്ടിയുടെ മകൻ പരേശ് . ചടങ്ങുകൾക്ക് ശേഷം നിളയിൽ മുങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പരേശിനെ കാണാതായി. ദിവസങ്ങളോളം വിദഗ്ദ്ധരുടെ സേവനമുപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും പരേശിനെ കണ്ടെത്താനായില്ല. ഏഴുവർഷം കഴിഞ്ഞെങ്കിലും പരേശിന്റ കാര്യത്തിൽ ഒരു വിവരവും ലഭിച്ചില്ല.

വീടും ജോലിയുമെല്ലാം സർക്കാരും ദേവസ്വം ബോർഡും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലഭിച്ചില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് പരേശിന്റ കുടുംബം. വാടകവീട്ടിലാണ് താമസം. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല. പിതാവിന്റെ മരണശേഷം അമ്മയും സഹോദരനും സഹോദരിയും അടങ്ങിയ കുടുംബത്തിന്റെ ആശ്രയം മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പരേശായിരുന്നു. പഠനവായ്പ , സഹോദരിയുടെ വിവാഹത്തിന്റെ ബാദ്ധ്യത എന്നിവ തീർത്തു വരുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വന്തമായി വീടുണ്ടാക്കുകയെന്ന സ്വപ്നം ബാക്കിനിറുത്തിയാണ് പരേശ് പോയത്. അതോടെ കുടുംബം വലിയ ബുദ്ധിമുട്ടിലായി. മൃതദേഹം കണ്ടെടുക്കാനായില്ലെന്നതിനാൽ മരണസർട്ടിഫിക്കറ്റും ലഭിച്ചില്ല. പരേശിന്റെ ഇൻഷ്വറൻസ് തുക പോലും ഇതുകാരണം കിട്ടിയിട്ടില്ല. ഏഴുവർഷം കഴിഞ്ഞാലേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നാണ് പഞ്ചായത്ത് നിലപാടെടുത്തത്. ഏഴുവർഷമായ സ്ഥിതിക്ക് ഇനിയെങ്കിലും വൈകാതെ ഇക്കാര്യത്തിൽ നടപടിയുണ്ടാവണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ന ടപടിയുണ്ടായി ,​ പക്ഷേ........

പരേശിന്റ അവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ അധികാരികൾ നടപടിയെടുത്തു. ഇന്ന് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ഒഴുക്കിനെ പേടിക്കാതെ ധൈര്യമായി കർമ്മങ്ങൾ ചെയ്യാം. കടവിനെ വലയം ചെയ്ത് കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട് .എന്നാൽ പരേശിന്റ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങളൊന്നും ഇന്നും നടപ്പിലായില്ല.

സർക്കാർ നിയന്ത്രണത്തിലുളള ക്ഷേത്രക്കടവിൽ വച്ച് ഒഴുക്കിൽ പെട്ട് ഒരു കുടുംബത്തിന്റെ അത്താണി ഇല്ലാതായിട്ടും സർക്കാർ ഇടപെടൽ വൈകുന്നത് ഖേദകരമാണ്. പരേശിന്റെ മരണസർട്ടിഫിക്കറ്റ് നൽകാൻ ഇനിയെങ്കിലും ഉദ്യോഗസ്ഥർ തയ്യാറാവണം. ലൈഫ് പദ്ധതിയിൽ വീടും മറ്റ് അർഹമായ ആനുകൂല്യങ്ങളും കുടുംബത്തിന് ലഭ്യമാക്കണം. വിജയകുമാർ കാടാമ്പുഴ,​

പൊതുപ്രവർത്തകൻ