പൊന്നാനി: ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പൊന്നാനിയിൽ പൊലീസ് നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ജനപ്രതിനിധികൾ. ഗ്രാമീണ റോഡുകൾ മണ്ണിട്ടടയ്ക്കുകയും ജനപ്രതിനിധികൾക്കും പഞ്ചായത്ത് വാളൻഡിയർമാർക്കുമെതിരെ നിഷേധ നിലപാട് സ്വീകരിക്കുകയും ചെയ്തെന്നാണ് വിമർശനം. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പൊന്നാനി നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞിയും പൊലീസിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പൊന്നാനി താലൂക്കിലെ ഗ്രാമീണ റോഡുകളും ഊടുവഴികളും പൊലീസ് മണ്ണിട്ടടച്ചത്. അത്യാവശ്യഘട്ടത്തിൽ പോലും ഗതാഗതം സാധ്യമാവാത്ത സാഹചര്യം സൃഷ്ടിച്ച നടപടിക്കെതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച്ച രാത്രി ചില ഗ്രാമീണ റോഡുകൾ അടച്ചത് തുറന്നിരുന്നു. തുടർന്നാണ് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതതല യോഗം വിളിച്ചത്.മന്ത്രി കെ ടി ജലീലും യോഗത്തിൽ പങ്കെടുത്തു. കൂടിയാലോചനയില്ലാതെയാണ് പൊലീസ് നടപടികൾ സ്വീകരിക്കുന്നതെന്ന് സ്പീക്കർ കുറ്റപ്പെടുത്തി.ഈ നിലപാട് അവസാനിപ്പിക്കണമെന്ന് സ്പീക്കർ ഡി.ഐ. ജിക്ക് കർശന നിർദ്ദേശം നൽകി.
നിത്യോപയോഗ സാധനങ്ങൾ വീടുകളിലെത്തിക്കാൻ ചുമതലപ്പെടുത്തിയ പഞ്ചായത്ത് വാളൻഡിയർമാരെ തടയുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തത് വെളിയങ്കോട് പഞ്ചായത്തിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിലെ താത്ക്കാലിക ഡ്രൈവറെ ഡ്യൂട്ടിക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞു നിറുത്തി മർദ്ദിച്ചതും പ്രതിഷേധമുയർത്തി. ജില്ല ഭരണകൂടം തുറക്കാൻ അനുമതി നൽകിയ കടകൾ അടപ്പിക്കുന്ന സ്ഥിതിയുമുണ്ടായി.
പൊന്നാനിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സ്പീക്കറുടെ നിർദ്ദേശപ്രകാരം ജില്ല കളക്ടർ പൊന്നാനിയിൽ വിളിച്ചു ചേർത്ത യോഗത്തിലും പൊലീസിനെതിരെ വിമർശനമുണ്ടായി. പൊലീസ് പൊതുജനങ്ങളോട് മാന്യമായി ഇടപഴകണമെന്നും സർക്കാർ-അർദ്ധർക്കാർ ജീവനക്കാർക്കും ആവശ്യ സേവന വിഭാഗത്തിനും വാളൻഡിയർമാർക്കും സൗകര്യമൊരുക്കണമെന്നും യോഗത്തിൽ തീരുമാനമായി.