നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്കായി പ്രസവ പരിചരണ കേന്ദ്രം തുടങ്ങുന്നു. ആദിവാസി വിഭാഗത്തിൽപെട്ടവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രം നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി കിടപ്പുമുറി, അടുക്കള, ബാത്ത്റൂം എന്നിവയടങ്ങുന്ന 12 മുറികളാണ് കേന്ദ്രത്തിലുണ്ടാവുക. പ്രസവത്തിനായി ആശുപത്രയിൽ പ്രവേശിപ്പിക്കുന്നത് മുതൽ പ്രസവം, പ്രസവാനന്തര പരിചരണം എന്നിവ നൽകുന്നതിനുള്ള സൗകര്യമാണ് ഇവിടെയുണ്ടാവുക. ആശുപത്രിയുടെ പഴയ ഓഫീസ് കാര്യാലയം പൊളിച്ചുമാറ്റിയാണ് അതേ സ്ഥലത്തായി പരിചരണ കേന്ദ്രം നിർമ്മിക്കുന്നത്. പട്ടിക വർഗ്ഗ വിഭാഗത്തിലെ സ്ത്രീകൾക്ക് മാത്രമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ആദ്യ കേന്ദ്രമാണ് നിലമ്പൂരിൽ യാഥാർത്ഥ്യമാകുന്നത്. ആദിവാസി ഗർഭിണികൾ പലപ്പോഴും ആശുപത്രികളിൽ എത്താൻ മടിക്കുകയാണ്. ഉൾകാട്ടിലെ ഊരുകളിൽവച്ചാണ് പ്രസവം നടക്കാറുള്ളത്. ആരോഗ്യപ്രവർത്തകരുടെയും ഐ.റ്റി.ഡി.പി ഉദ്യോഗസ്ഥരുടെയും മതിയായ ശ്രദ്ധ പലപ്പോഴും ഇവർക്ക് ലഭിക്കാറില്ല. ചികിത്സയുടെ അഭാവം ഗർഭം അലസുന്നതിനും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനും പ്രതികൂലമാവാറുണ്ട്. ആദിവാസികൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം തുടങ്ങുന്നതോടെ ഇതിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ കേന്ദ്രത്തിന്റെ തറക്കല്ലിടൽ പി.വി.അബ്ദുൾ വഹാബ് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, വി.സുധാകരൻ, ഇസ്മായിൽ മൂത്തേടം, ആശുപത്രി സുപ്രണ്ട് ഡോ.എൻ.അബൂബക്കർ, നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, എ.ഗോപിനാഥ്, പി.ടി.ഉമ്മർ, കെ.ടി.കുഞ്ഞാൻ, കെ.സി വേലായുധൻ, സമീർ പുളിക്കൽ, എരഞ്ഞിക്കൽ ഇസ്മായിൽ, സംസാരിച്ചു. ജില്ലാ ആശുപത്രിയിലെ വിപുലീകരിച്ച് ലാബിന്റെ ഉദ്ഘാടനം പി.വി.അൻവർ എം.എൽ.എയും നിർവഹിച്ചു.