108

പരപ്പനങ്ങാടി: തിരൂർ ജില്ലാ ആശുപത്രി പൂർണമായും ഐസൊലേഷൻ വാർഡാക്കിയതോടെ 108 ആംബുലൻസ് ജീവനക്കാർ താമസിക്കാൻ ഇടമില്ലാതെ ദുരിതത്തിൽ. കൊവിഡ് ഒഴികെയുള്ള അടിയന്തിര ആവശ്യങ്ങൾക്കായി നിയോഗിച്ച 108 ആംബുലൻസിലെ നേഴ്സുമാരടക്കം നാല് ജീവനക്കാർക്കാണ് താമസ സൗകര്യമില്ലാതായത്. പുറത്തൂർ സി.എച്ച്.സിയിൽ താമസം ഏർപ്പെടുത്തിയെന്നാണ് ഇവരെ അറിയിച്ചിരുന്നത്. എന്നാൽ യാതൊരു സൗകര്യങ്ങളുമില്ലാത്ത ആശുപത്രിയിലെ ഇഞ്ചക്ഷൻ മുറിയാണ് ഇവർക്കായി മാറ്റിവച്ചത്. 24 മണിക്കൂറും സേവനം ലഭ്യമാക്കേണ്ടതിനാൽ ഒരു ആംബുലൻസിന് രണ്ട് ഡ്രൈവർമാരും രണ്ട് സ്റ്റാഫ് നഴ്സുമാരുമുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ഇടപെട്ടാണ് തിരൂരിൽ നിന്ന് പുറത്തൂരിലേക്ക് മാറ്റിയത്. ഇവിടെ പൊതു ടോയ്‌ലറ്റ് മാത്രാണുള്ളത്. 108 ആംബുലൻസിലെ ജീവനക്കാരി ആയതിനാൽ പലരും വാടകയ്ക്ക് താമസ സൗകര്യം തരുന്നില്ലെന്ന് നേഴ്സും പരപ്പനങ്ങാടി സ്വദേശിയുമായ നീതുദാസ് പറഞ്ഞു. തിരൂർ ജില്ലാ ആശുപത്രിയിൽ തന്നെ സൗകര്യം ഒരുക്കി തരണമെന്നാണ് ഇവരുടെ ആവശ്യം. അധികൃതരെ പലതവണ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു.