മലപ്പുറം: നാടുകാണിയിലൂടെ അന്തർസംസ്ഥാന യാത്ര അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായി. കേരളത്തിലേക്ക് വരാൻ ഓൺലൈൻ പാസ് വേണ്ടെന്നത് അടക്കമുള്ള പുതിയ തീരുമാനങ്ങൾ പുറത്തുവന്നിട്ടും നാടുകാണിയോട് അധികൃതർ മുഖം തിരിക്കുകയാണ്. യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ നാടുകാണി ചെക്ക് പോസ്റ്റ് വരെ വന്ന് മടങ്ങുകയാണ് യാത്രക്കാർ. വഴിക്കടവ് ചെക്ക് പോസ്റ്റ് അധികൃതർക്ക് യാത്രക്കാരെ അനുവദിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. തമിഴ്നാട് സർക്കാരും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഓൺലൈൻ പാസും യാത്രാനുമതിയും ഒഴിവാക്കി പകരം കൊവിഡ് ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്താൽ മതിയെന്ന സർക്കാർ ഉത്തരവ് വെള്ളിയാഴ്ച മുതലാണ് നടപ്പാക്കാൻ തുടങ്ങിയത്. പ്രവേശനാനുമതിയിൽ രേഖപ്പെടുത്തിയ തിയതി തന്നെ സംസ്ഥാനത്തേക്ക് പ്രവേശിക്കണമെന്ന കാര്യത്തിലും ഇപ്പോൾ നിബന്ധനയില്ല. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ ചെക്ക്‌പോസ്റ്റിൽവച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം കടത്തിവിടാമെന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്. അതത് ജില്ലാ കളക്ടർമാർ ഇതു സംബന്ധിച്ച മാർഗ രേഖ പൊലീസ് മേധാവികൾക്ക് കൈമാറിയിട്ടുണ്ട്.
അന്തർസംസ്ഥാന യാത്രാനുമതി നിബന്ധനകൾ ലഘൂകരിച്ചെങ്കിലും നാടുകാണിയോടുള്ള സമീപനം മാറ്റാത്തതിൽ പ്രതിഷേധം ശക്തമാണ്. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ തന്നെ നാടുകാണി ചുരം വഴി യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. നീലഗിരി, ഗൂഡല്ലൂർ വഴി നിരവധി പേരാണ് നാടുകാണിയിലൂടെ ജില്ലയിലേക്ക് എത്താൻ കാത്തിരിക്കുന്നത്. ഏറെ ദൂരം സഞ്ചരിച്ച് വയനാട്ടിലൂടെയാണ് യാത്രക്കാർ ഇപ്പോൾ എത്തുന്നത്. വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതും യാത്രക്കാർക്ക് തിരിച്ചടിയാണ്.
സംസ്ഥാനത്ത് ആറ് ചെക്ക് പോസ്റ്റുകളിലൂടെ മാത്രമാണ് നിലവിൽ യാത്രാനുമതി നൽകുന്നത്.