മഞ്ചേരി: പത്തുലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗസംഘം കൊണ്ടോട്ടി പൊയ്‌ലശേരിയിൽ അറസ്റ്റിൽ. ചെമ്പ്രശേരി ഈസ്റ്റ് മാഞ്ചേരി ബഷീർ (50) എന്ന പാണ്ടി ബഷീർ, വള്ളുവങ്ങാട് കുണ്ടുകര അമീർഖാൻ(37) എന്ന ഖാൻ മുസ്ലിയാർ, കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി കോയിശേരി മൊയ്തീൻകുട്ടി ( 50 ) എന്നിവരാണ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകൾ വിതരണത്തിനായി കാറിൽ കൊണ്ടുപോകുമ്പോൾ അറസ്റ്റിലായത്. കാറും കസ്റ്റഡിയിലെടുത്തു.
പിടിയിലായ അമീർഖാൻ മുസ്ലിയാർ പാലക്കാട്, മലപ്പുറം ജില്ലകളിൽ വാടകവീടെടുത്താണ് നോട്ടുകൾ നിർമ്മിച്ചു വന്നിരുന്നത്. ഇയാൾ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന കൊടശേരിയിലെ വീട്ടിൽനിന്നും നോട്ടുനിർമ്മാണത്തിനുപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും പിടികൂടി. ഇയാൾ മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പിടിയിലായ ബഷീറിനെതിരെ 2015ൽ വ്യാജ ആർ.സി നിർമ്മിച്ചതിന് പാണ്ടിക്കാട്, പെരിന്തൽമണ്ണ, നിലമ്പൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതികൾക്ക് ജില്ലയ്ക്കകത്തും പുറത്തുമുള്ള കള്ളനോട്ടു മാഫിയകളുമായി അടുത്ത ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. പ്രതികൾ വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചു. ഇവരെ പിടികൂടിയതറിഞ്ഞ് വിസ തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി സ്റ്റേഷനിലെത്തി. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കള്ളനോട്ടുകളും നിർമ്മാണ ഉപകരണങ്ങളുമായി പിടിയിലായ തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ഹോട്ടൽ തൊഴിലാളി സതീഷിന് സംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.