കുറ്റിപ്പുറം: കൊവിഡിന്റെ പിടിയിൽ തകർച്ച നേരിടുകയാണ് സംസ്ഥാനത്തെ താമരക്കർഷകർ. മലപ്പുറം ജില്ലയിലെയും കേരളത്തിലെയും തന്നെ ഏറ്റവും കൂടുതൽ താമരപ്പൂ കൃഷിയുള്ള സ്ഥലം കൂടിയായ തിരുനാവായ മേഖലയിൽ ഒട്ടേറെ താമരക്കർഷകരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. ക്ഷേത്രങ്ങളിലെ പൂജകൾക്കും ഹോമങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്ന പുഷ്പമാണ് താമര. ഈയടുത്ത് താമരയിൽ നിന്ന് സർബത്തും കൊണ്ടാട്ടവും ഗവേഷകർ കണ്ടുപിടിച്ചിരുന്നു.
കേരളത്തിനകത്ത് തന്നെ പ്രധാന ക്ഷേത്രങ്ങളായ തിരുനാവായയിലെ നവാമുകുന്ദക്ഷേത്രം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം.തുടങ്ങിയ കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലേക്കും ആവശ്യമായ താമരപ്പൂ തിരുനാവായയിൽ നിന്നാണ് കൊണ്ടുപോകുന്നത്. മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേക്കും ആവശ്യമായ താമരപ്പൂ കൊണ്ടുപോകുന്നത് ജില്ലയിൽ നിന്നുമാണ്. തിരുനാവായ ഭാഗത്തു മാത്രം മുന്നൂറോളം ഏക്കറിൽ താമരക്കൃഷിയുണ്ട്. പല്ലാർകായൽ, തിരുത്തികായൽ തുടങ്ങിയ ഭാഗങ്ങളിൽ ഒട്ടേറെ കർഷകർ പാട്ടത്തിനെടുത്തും സ്വന്തം സ്ഥലത്തും താമരകൃഷി വർഷങ്ങളായി ചെയ്യുന്നു. മാർച്ച് മാസം കൊവിഡ് പ്രതിസന്ധി കടന്നെത്തിയതോടെ പൂക്കൾക്ക് ആവശ്യക്കാരില്ലാതായി. തുടർന്ന് പാട്ടത്തുക നൽകാൻ പോലുമാവാതെ കർഷകരും ദുരിതത്തിലായി. സീസണിൽ അഞ്ചുരൂപ വരെ സാധാരണ ലഭിക്കുന്ന പൂക്കൾക്ക് ഇപ്പോൾ ഒട്ടും ആവശ്യക്കാരില്ല. ഓരോ താമരക്കർഷകനു കീഴിലും രണ്ടുപേർ ഇത്തരത്തിൽ ജോലി ചെയ്യുന്നുണ്ട്. ഈ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാൽ കൊവിഡ് പ്രതിസന്ധി ഈ കുടുംബങ്ങളെയും വല്ലാതെ ബാധിച്ചു. മറ്റു കാർഷിക മേഖലകൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുമ്പോഴും ജില്ലയിലെ പ്രധാന മേഖലയായ തങ്ങൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കാറില്ലെന്ന് വർഷങ്ങളായി താമരക്കൃഷി ചെയ്യുന്ന കർഷകൻ നൗഷാദ് പറഞ്ഞു.