മലപ്പുറം: തറ മുതൽ ടൈൽ പതിക്കൽ വരെ കെട്ടിട നിർമ്മാണ പ്രവൃത്തി ഏതുമാവട്ടെ, ഏറ്റെടുക്കാൻ കുടുംബശ്രീ കൺസ്ട്രക്‌ഷൻ റെഡിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 21 കൺസ്ട്രക്‌ഷൻ യൂണിറ്റുകളും വിദഗ്‌ദ്ധരായ 178 തൊഴിലാളികളുമുണ്ട് കുടുംബശ്രീക്ക്. ആലപ്പുഴയിൽ പ്രളയബാധിതർക്കായി രാമോജി ഫിലിം സിറ്റി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം അവിടത്തെ കുടുംബശ്രീക്ക് ലഭിച്ചപ്പോൾ മലപ്പുറത്ത് നല്ലൊരു നിർമ്മാണ പ്രവൃത്തി കിട്ടാൻ പ്രയാസപ്പെടുകയാണ് യൂണിറ്റുകൾ.
സർക്കാർ വകുപ്പുകൾക്ക് കീഴിലെ രണ്ടുലക്ഷം രൂപ വരെയുള്ള നിർമ്മാണ പ്രവൃത്തികൾ ടെൻഡർ കൂടാതെ കുടുംബശ്രീയെ ഏൽപ്പിക്കാമെന്ന പുതിയ ഉത്തരവിൽ പ്രതീക്ഷ അർപ്പിക്കുകയാണിപ്പോൾ. ഇതു യാഥാർത്ഥ്യമാവാൻ വിവിധ വകുപ്പുകൾ താത്പര്യപ്പെടേണ്ടതുണ്ട്. ഒരുവകുപ്പിന് കീഴിൽ പരമാവധി 25 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ അനുവദിക്കാനാവും. തദ്ദേശസ്വയംഭരണ വകുപ്പ്, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ ജില്ലാ മേധാവികൾക്കും പഞ്ചായത്തുകൾക്കും നിർമ്മാണ പ്രവൃത്തികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കുടുംബശ്രീ മിഷൻ കത്ത് നൽകിയിട്ടുണ്ട്. ഏതെല്ലാം സ്ഥലങ്ങളിൽ യൂണിറ്റുകൾ ഉണ്ടെന്നതും ബന്ധപ്പെടേണ്ട നമ്പറും സഹിതമാണിത്. ജില്ലയിലടക്കം കുടുംബശ്രീ യൂണിറ്റുകൾക്ക് നിർമ്മാണ പ്രവൃത്തികൾ കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയത്.
ചില്ലറക്കാരല്ല
ജില്ലയിൽ കുടുംബശ്രീ കൺസ്ട്രക്‌ഷന്റെ നേതൃത്വത്തിൽ ഇതിനകം 18 വീടുകളുടെ നിർമ്മാണം ഏറ്റെടുത്ത് 14 എണ്ണം പൂർത്തിയാക്കി. വീടിന്റെ തറയെടുക്കുന്നത് മുതൽ കോൺക്രീറ്റിംഗും തേപ്പും എല്ലാ ജോലികളും ഇവർ ചെയ്യും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഏജൻസികളുടെ സഹായത്തോടെ ഒന്നര മാസം മുതൽ മൂന്നുമാസം വരെ വിദഗ്ദ്ധ പരിശീലനം നൽകിയിട്ടുണ്ട്. നിർമ്മാണ സൈറ്റുകളിൽ കൊണ്ടുപോയി എല്ലാ ജോലികളും തനിച്ചു ചെയ്യാൻ പ്രാപ്തരാക്കി. നിലവിൽ വീടുകളും മറ്റ് ചെറിയ നിർമ്മാണ പ്രവൃത്തികളുമാണ് കുടുംബശ്രീ കൺസ്ട്രക്‌ഷന് ലഭിക്കുന്നത്. കൂടുതൽ പദ്ധതികൾ ലഭിച്ചാൽ യൂണിറ്റുകളുടെ എണ്ണവും തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും.
യൂണിറ്റുകൾ ഇവിടങ്ങളിൽ
തുവ്വൂർ, എടപ്പറ്റ, വെട്ടത്തൂർ, വെളിയങ്കോട്, പുളിക്കൽ, നിലമ്പൂർ, തുവ്വൂർ, താഴേക്കോട്, ചോക്കാട്, അമരമ്പലം, വഴിക്കടവ്, പോത്തുകൽ, മക്കരപ്പറമ്പ്, ചാലിയാർ, പോരൂർ, തിരുവാലി എന്നിവിടങ്ങളിലാണ് കൺസ്ട്രക്ഷൻ യൂണിറ്റുകളുള്ളത്. ഇതിൽ പുളിക്കലിൽ മൂന്നും വഴിക്കടവ്, വെട്ടത്തൂർ, തിരുവാലി പഞ്ചായത്തുകളിൽ രണ്ടു വീതവും യൂണിറ്റുകളുമുണ്ട്. വീടിന് പുറമെ ഷെഡുകൾ, കമ്പോസ്റ്റ് പിറ്റ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
ഒരുവീടിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ചെയ്യാൻ കൺസ്ട്രക്‌ഷൻ യൂണിറ്റുകൾക്ക് ശേഷിയുണ്ട്. കൂടുതൽ നിർമ്മാണ പ്രവൃത്തികളുടെ കരാർ ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
സി.കെ.ഹേമലത, ജില്ലാ കുടുബശ്രീ മിഷൻ കോർഡിനേറ്റർ