ggg
.

പൊന്നാനി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പൊന്നാനി ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലേക്ക് ഒരു ഫോൺ വന്നു. 'അമ്മയ്ക്ക് തീരെ വയ്യ. ട്രിപ്പിൾ ലോക്ക് ഡൗണായതിനാൽ സ്ഥിരമായി മുറിവ് കെട്ടാൻ വരുന്ന നഴ്സുമാർക്ക് എത്താനാകുന്നില്ല. സഹായിക്കണം.' ദൈന്യതയോടെയുള്ള വാക്കുകളായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്ന്. ഒട്ടും സമയം കളയാതെ പാലിയേറ്റീവ് വാളണ്ടിയറും നഴ്സും അവരുടെ വീട്ടിലെത്തി. ശയ്യാവ്രണം ബാധിച്ച വൃദ്ധയുടെ മുറിവുകൾ വച്ചുകെട്ടി. ക്ലിനിക്കിൽ നിന്ന് കൊണ്ടുപോയ എയർബെഡിലേക്ക് മാറ്റിക്കിടത്തി. വേദനകൊണ്ട് ഞെരങ്ങിയിരുന്ന ആ അമ്മയുടെ മുഖത്ത് ആശ്വാസം പരക്കുന്നത് കണ്ടാണ് അവർ അവിടെ നിന്നിറങ്ങിയത്.

കിടക്കയിൽ തളച്ചിടപ്പെട്ട കുറേ മനുഷ്യർക്കു മുന്നിൽ ലോക്ക്ഡൗൺ കാലത്തും മാലാഖമാരായി അവതരിക്കുകയാണ് പാലിയേറ്റീവ് വാളണ്ടിയർമാർ. കൊവിഡുണ്ടാക്കിയ പ്രതിസന്ധികൾ വകവയ്ക്കാതെയാണ് പ്രവർത്തനം. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് വീടുകൾ കയറിയിറങ്ങി ജീവിതം വഴിമുട്ടിയവർക്കു മുന്നിൽ ആശ്വാസത്തിന്റെ കൈത്താങ്ങാവുകയാണ് ഇക്കൂട്ടർ.

ആദ്യ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചു നിന്നെങ്കിലും സകല ധൈര്യവും സംഭരിച്ച് രോഗികൾക്കിടയിലേക്ക് ഇറങ്ങുകയായിരുന്നു. ആശുപത്രികളിൽ നിയന്ത്രണമേർപ്പെടുത്തുകയും ഗതാഗത സൗകര്യങ്ങൾ നിലയ്ക്കുകയും ചെയ്ത ഘട്ടത്തിൽ പാലിയേറ്റീവ് ക്ലിനിക്കുകൾ മുഖേനയുള്ള ഹോം കെയറുകളായിരുന്നു മാരകരോഗങ്ങൾക്ക് അടിമപ്പെട്ടവർക്ക് ആശ്വാസമായത്.

ജില്ലയിലെ തൊണ്ണൂറോളം പാലിയേറ്റീവ് ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് സാന്ത്വന ചികിത്സയുടെ ആശ്വാസം മാറാരോഗികളിലെത്തി. ഓരോ ക്ലിനിക്കുകൾ കേന്ദ്രീകരിച്ചും മുന്നൂറിൽ പരം രോഗികളുണ്ട്. മരുന്ന്, ചികിത്സ, റേഷൻ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും പാലിയേറ്റീവ് വാളൻഡിയർമാർക്കു കീഴിലാണ് നടക്കുന്നത്.

ടെലിമെഡിസിൻ ആശ്വാസം

ടെലി മെഡിസിൻ സംവിധാനവും പാലിയേറ്റീവ് ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ക്ലിനിക്കിലെ ഡോക്ടർമാർ രോഗികളുമായി ഫോണിൽ സംസാരിച്ച് ചികിത്സയും മരുന്നും നിർദ്ദേശിക്കും.

മരുന്ന് വാളൻഡിയർമാർ വീടുകളിലെത്തിച്ചു നൽകും.

തുടർചികിത്സ അനിവാര്യമായ കമ്മ്യൂണിറ്റി സൈക്യാട്രിയുടെ ഭാഗമായവർക്കായി നഴ്സും വാളണ്ടിയറുമടങ്ങുന്ന മെഡിക്കൽ ടീം കൃത്യമായ ഇടവേളകളിൽ വീടുകളിൽ എത്തുന്നു.

ലോക്ക്ഡൗൺ കാലത്ത് രോഗികളുടെ വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകിയിരുന്നതും പാലിയേറ്റീവ് വാളണ്ടിയർമാരായിരുന്നു.