തിരൂർ: പൊലീസ് അറസ്റ്റുചെയ്ത രണ്ടു പ്രതികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തിരൂർ എസ്.ഐ ഉൾപ്പെടെ 18 പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു. മണൽക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത തൃപ്രങ്ങോട്, കാവഞ്ചേരി സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 28, 29 തീയതികളിലാണ് ഇവർ പിടിയിലായത്. റിമാൻഡിലായ പ്രതികളെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും കൊവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഒരാൾക്ക് ജൂൺ ഒന്നിനും മറ്റൊരാൾക്ക് ജൂൺ മൂന്നിനും ജാമ്യം ലഭിച്ചതോടെ ഇരുവരും നാട്ടിലേക്ക് മടങ്ങി. തിങ്കളാഴ്ചയാണ് പരിശോധനാഫലം പുറത്തു വന്നത്. ഇരുവരും ക്വാറന്റൈനിൽ ഇരുന്നിട്ടില്ല. ഇവരിലൊരാൾ തിരൂരിലെത്തി വക്കീലിനെ കണ്ടതായും മറ്റൊരാൾ ബന്ധുവീടുകളിൽ പോയതായും വിവരമുണ്ട്. മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവിഭാഗം. പ്രതികളെ വൈദ്യപരിശോധനയ്ക്കെത്തിച്ച തിരൂർ ജില്ലാ ആശുപത്രിയും തിരൂർ പൊലീസ് സ്റ്റേഷനും അണുവിമുക്തമാക്കി.