നിലമ്പൂർ: പ്രളയ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സ്വന്തമായി ബോട്ട് നിർമ്മിച്ച് നിലമ്പൂർ ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ. കഴിഞ്ഞ പ്രളയകാലത്തെ അനുഭവങ്ങൾ പാഠമാക്കിയാണ് സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെ സഹകരണത്തോടെ ചെലവു കുറഞ്ഞ ബോട്ട് നിർമ്മിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവ് കഴിഞ്ഞ രണ്ടു പ്രളയകാലത്തും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ പ്രളയത്തിൽ നിലമ്പൂർ മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ ഇടുങ്ങിയ വഴികളിലൂടെ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടുകൾക്ക് സഞ്ചരിക്കാനായിരുന്നില്ല. ഇതിനു പരിഹാരമായാണ് പുതിയ പരീക്ഷണം. അഞ്ചു ദിവസം കൊണ്ടാണ് ബോട്ട് നിർമ്മാണം പൂർത്തിയായത്. ബോട്ട് ചാലിയാറിലെ മമ്പാട് ടാണ കടവിൽ നീറ്റിലിറക്കി
ബോട്ട് ഇങ്ങനെ
ഫ്ളോട്ട് ചെയ്യാൻ വലിയ വീപ്പകളാണ് ഉപയോഗിച്ചിട്ടുള്ളത്.
പൈപ്പ്, ജി.ഐ ഷീറ്റ് എന്നിവയും ഉപയോഗിച്ചു.
2 മീറ്റർ വീതിയും 4 മീറ്റർ നീളവുമുള്ളതാണ് ബോട്ട്.
10 പേർക്ക് സുഗമമായി സഞ്ചരിക്കാവുന്നതിനാൽ കൂടുതൽ പേരെ രക്ഷപ്പെടുത്താനാവും.
20,000 രൂപയാണ് ബോട്ട് നിർമ്മാണത്തിന് ചെലവായത്
രക്ഷാപ്രവർത്തനങ്ങൾക്കായി ഓരോ പഞ്ചായത്തുകൾക്കും ഇത്തരത്തിലുള്ള ബോട്ടു നിർമ്മാണം പരീക്ഷിക്കാം. രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ ഇതുവഴി സാധിക്കും
എം.അബ്ദുൾ ഗഫൂർ
നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ