കുറ്റിപ്പുറം: കൊവിഡ് കാലത്ത് മുട്ടൻപണിയാണ് വെറ്റില കർഷകർക്ക് കിട്ടിയത്.

കൊവിഡിന് മുമ്പ് കിലോയ്ക്ക് 50 രൂപ ഉണ്ടായിരുന്ന വെറ്റിലയ്ക്ക് ഇപ്പോൾ 20 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ഇന്ത്യയ്ക്കു പുറമേ അയൽരാജ്യങ്ങളിലും ഏറെ പേരുകേട്ട തിരൂർ വെറ്റിലയെ കൊവിഡ് പ്രതിസന്ധി ചെറുതായൊന്നുമല്ല ബാധിച്ചത്. കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നത് കർഷകരുടെ ദുരിതം വലിയ തോതിൽ കൂട്ടുന്നു.

ഒരുപാട് വെറ്റില കയറ്റിപോയിരുന്ന തിരൂരിൽ നിന്നും ഇപ്പോൾ നാമമാത്രമായേ കയറ്റുമതിയുള്ളു. ഇതിനിടെ കൃഷിമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കൊറോണ സമയത്ത് കോട്ടയ്ക്കലിൽ വെറ്റിലച്ചന്ത നടത്താൻ അനുമതി ലഭിച്ചെങ്കിലും കച്ചവടക്കാർ വിട്ടു നിന്നത് കർഷകരെ ബാധിച്ചു. ട്രെയിൻ വഴിയാണ് കുടുതലും ദൂരെ ഭാഗങ്ങളിലേക്ക്‌ വെറ്റില കയറ്റി അയക്കുന്നത്. കൊവിഡ് കാരണം ട്രെയിൻ ഗതാഗതം താറുമാറായത് മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. പ്രതിസന്ധിയിൽ നിന്നും ഉടൻ കരകയറാൻ കഴിയുമെന്ന് കർഷകർക്ക് പ്രതീക്ഷയില്ല.

ഏറെ പ്രശസ്തം

ഏറെ പ്രശസ്തമായ തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചികാംഗീകാരം ലഭിച്ചിട്ടുണ്ട്.

ഏരിവും ഔഷധമൂല്യവും കൂടുതലുള്ള തിരൂർ വെറ്റില കാഴ്ചയ്ക്കും ഏറെ ആകർഷകമാണ്.

ഉത്തരേന്ത്യയിലും പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഏറെ പ്രശസ്തമാണ് തിരൂർ വെറ്റില.

ദിവസേന ഇരുപതോളം കെട്ടുകൾ ഉത്തരേന്ത്യയിലേക്കടക്കം കയറ്റി അയച്ചിരുന്നിടത്ത് മൂന്നുദിവസം കൂടുമ്പോൾ അഞ്ചുകെട്ട് മാത്രമാണ് ഇപ്പോൾ കയറ്റുമതി നടക്കുന്നത്. വലിയ പ്രതിസന്ധിയിലാണ് മേഖല ..

മേലേതിൽ ബീരാൻകുട്ടി

തിരൂർ വെറ്റില ഉത്പാദക സംഘം സൊസൈറ്റി സെക്രട്ടറി