നിലമ്പൂർ: നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഏഴംഗ സംഘം വനം ഫ്ളയിംഗ് സ്‌ക്വാഡിന്റെ പിടിയിലായി. മുക്കം കുമാരനെല്ലൂർ ചുടലക്കണ്ടി ഉസ്മാൻ (54), കണ്ണൂർ പിണറായി പാതിരിയാട്ട് കൈതേരിപ്പൊയിൽ മിഥുല നിവാസ് മിഥുൻ (29), ആലുവ ചുളങ്ങംവേലി എരുത്തല മനയിൽ റിസ്വാൻ (20), എടവണ്ണപ്പാറ ചീക്കോട് ആലുങ്ങൽ അൽഅമീൻ(20), കൊണ്ടോട്ടി മുതുവല്ലൂർ നെല്ലിക്കുന്ന് മുഹമ്മദ് അസ്ലം(21), കാക്കനാട് സ്വദേശി,തുരുത്തേഴത്ത് നിഹാൽ മുഹമ്മദ് (22), അങ്കമാലി കണ്ണംമ്പുഴ മിലൻ ജോസഫ്(21) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ഫ്ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഫ്ളയിംഗ് സ്‌ക്വാഡിനൊപ്പം ചേർന്ന് നടത്തിയ റെയ്ഡിലാണ് സംഘം കീഴ്‌ശ്ശേരിയിൽ നിന്നും പിടിയിലായത്. പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളിൽ വച്ച് വിൽപ്പന നടത്താനുള്ള ഒരുക്കത്തിനിടയിലാണ് റെയ്ഡ് നടന്നത്. സംഭവസ്ഥലത്ത് നിന്നും ഒരു സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിൽ നിന്നും കണ്ടെടുത്ത നക്ഷത്ര ആമക്ക് 1.750 കിലോ തൂക്കമുണ്ട്. നക്ഷത്ര ആമയെ പിടികൂടുന്നതും കച്ചവടം നടത്തുന്നതും ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
പ്രതികളിൽ പ്രധാനികളെ പിടികിട്ടാനുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെയും തൊണ്ടിമുതലും സ്റ്റേഷന് കൈമാറി.
റെയ്ഡ് സംഘത്തിൽ കോഴിക്കോട് ഫ്ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.റൂബിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. രഘുനാഥ്, വി.രാജേഷ്, എബിൻ, ബി.എഫ്.ഒമാരായ വിബീഷ് , വി.എസ്.അച്യുതൻ, സി.ദിജിൽ, എ.എൻ.രതീഷ്, ജഗദീഷ്, ഡ്രൈവർമാരായ പി.സി.വിശ്വനാഥൻ, പ്രസാദ് എന്നിവർ പങ്കെടുത്തു.