fff
.

മലപ്പുറം: സാമൂഹ്യ വ്യാപന ഭീഷണിയുടെ മുനമ്പിൽ നിൽക്കുമ്പോഴും ജില്ലയുടെ ആരോഗ്യ മേഖല അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. കൊവിഡ് പ്രത്യേക ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജിലടക്കം ഡോക്ടർമാരുടെ കുറവ് പരിഹരിക്കപ്പെട്ടിട്ടില്ല. ജനസംഖ്യയിലും പ്രവാസികളുടെ എണ്ണത്തിലും മുന്നിലായതിനാൽ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിലും വ്യാപനത്തിലും ആശങ്കാജനകമായ അവസ്ഥയുണ്ടാവുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പേകിയിട്ടുണ്ട്.

രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗുരുതര രോഗികളെ മാത്രം പ്രവേശിപ്പിക്കുന്ന ആശുപത്രിയാക്കി മഞ്ചേരിയെ മാറ്റണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ജില്ലയിലെ പ്രധാന കൺവെൻഷൻ സെന്ററുകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി ഒരുതാലൂക്കിൽ 500 ബെഡുകളെങ്കിലും സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ഇന്നലെ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ചില ജില്ലകളിൽ ഇത്തരത്തിൽ സംവിധാനമുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ വൈകിട്ടുള്ള ഒ.പി താത്കാലികമായി നിറുത്തിവയ്ക്കണമെന്നും എൻ.ആർ.എച്ച്.എം വഴി കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ജീവനക്കാരുടെ കുറവുമൂലം ആശുപത്രികൾ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഹജ്ജ് ഹൗസിനെ 300 പേർക്ക് സൗകര്യമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയിട്ടുണ്ട്.

പരിശോധനയ്ക്ക് മഞ്ചേരി മാത്രം

സ്രവ പരിശോധനയ്ക്ക് കൂടുതൽ ലാബുകൾ തുടങ്ങേണ്ടത് അനിവാര്യമായിട്ടുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ മാത്രമേ സൗകര്യമുള്ളൂ എന്നതിനാൽ ഫലം ലഭിക്കാൻ ഒരാഴ്ച്ചയോളം സമയമെടുക്കുന്നുണ്ട്. സമൂഹ വ്യാപന ഭീഷണിയെ തുടർന്ന് കൂടുതൽപേ‌ർക്ക് സ്രവ പരിശോധന നടത്തേണ്ട സാഹചര്യമാണ്. പ്രധാന ആരോഗ്യ സ്ഥാപനങ്ങളിലെ സ്വാബ് കളക്‌ഷൻ സെന്ററുകൾ തൊട്ടടുത്ത സൗകര്യങ്ങളുള്ള സ്കൂളുകളിലേക്ക് മാറ്റണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. രോഗികളുടെ ബാഹുല്യവും സ്ഥലപരിമിതിയും മൂലം സാമൂഹിക വ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.

വെന്റിലേറ്റർ നാമമാത്രം

ഗുരുതര രോഗികൾക്ക് വെന്റിലേറ്ററിന്റെ സഹായം പലപ്പോഴും ആവശ്യം വരാം. 21 വെന്റിലേറ്ററാണ് മഞ്ചേരി മെഡിക്കൽ കോളേജിലുള്ളത്. ഒരു വെന്റിലേറ്റർ വീതം പെരിന്തൽമണ്ണ,​ നിലമ്പൂർ ജില്ല ആശുപത്രികളിലുമുണ്ട്. സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തിയാൽ വെന്റിലേറ്റ‌ർ സൗകര്യം കൂടും. ഇവിടങ്ങളിലെ നിശ്ചിത ശതമാനം ഐ.സി.യു ബെഡുകൾ കൊവിഡ് ചികിത്സയ്ക്ക് വേണ്ടി നീക്കിവയ്ക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.

പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാസംവിധാനങ്ങളിലെ കുറവ് അടിയന്തരമായി പരിഹരിക്കണം. ആവശ്യത്തിന് ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും എല്ലാ ആശുപത്രികളിലും ലഭ്യമാക്കണം.അടിയന്തര ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാൻ എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും കൊവിഡ് പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കുന്ന ട്രൂനാറ്റ് മെഷീൻ സ്ഥാപിക്കണം. നിലവിലെ സ്ഥിതി മുൻനിറുത്തി സ്വകാര്യ ആശുപത്രികളെ കൂടി കൊവിഡ് ചികിത്സയുടെ ഭാഗമാക്കണം.

ഡോ.എം.മുരളീധരൻ,​ കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ്

പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഡോക്ടർമാരെ നിയമിക്കണം. ഹൗസ് സർജ്ജൻസി പൂർത്തിയാക്കിയ ഡോക്ടർമാരുടെ കൂടുതൽ നിയമനം നടത്തണം. താത്ക്കാലികമായി നിയമനം ലഭിക്കുന്നവർക്ക് പിന്നീട് സ്ഥിര നിയമനത്തിന് മുൻഗണനയേകുകയാണെങ്കിൽ കൊവിഡ് ചികിത്സയ്ക്ക് ഡോക്ടർമാരെ കിട്ടുന്നതിലെ പ്രശ്നം പരിഹരിക്കാനാവും.

ഡോ. കെ.കെ. റൗഫ്,​ കെ.ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസി‌ഡന്റ്