മലപ്പുറം: ഡെങ്കിക്കെതിരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ വരുംമാസങ്ങളിൽ രോഗവ്യാപന തോത് കൂടിയേക്കും. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 17 പേർ ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടി. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ജൂൺ മുതൽ ഡിസംബർ വരെയാണ് സംസ്ഥാനത്ത് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ മേയ് വരെ ആകെ 398 കേസുകളായിരുന്നെങ്കിൽ ജൂലായിൽ 850 കേസുകളും രണ്ട് മരണങ്ങളുമുണ്ടായി. ഈ വർഷം ജൂലായിൽ 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,146 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഡെങ്കി കേസുകൾ കുറവാണ്. അതേസമയം സമീപജില്ലകളിൽ ഡെങ്കി കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. പരിസര ശുചീകരണത്തിലും കൊതുകുകളുടെ ഉറവിട നശീകരണത്തിലും ശ്രദ്ധിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. കൊവിഡിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലെ ശുചീകരണവും വേണ്ട വിധത്തിൽ നടന്നിട്ടില്ല.
ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കൊതുക് നിവാരണത്തിനായി ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കൂത്താടികളുടെ സാന്നിദ്ധ്യം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പനിക്കാലമല്ല
മഴക്കാലം പനിക്കാലം കൂടിയാണെന്നതിന് അപവാദമാണ് നിലവിലെ കണക്കുകൾ. മൺസൂണിൽ ദിനംപ്രതി 2,000 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയിരുന്നെങ്കിൽ കൊവിഡിന് പിന്നാലെയിത് നാലിലൊന്നായി കുറഞ്ഞു. ഒരാഴ്ച്ചയ്ക്കിടെ 3,906 പേരാണ് ചികിത്സ തേടിയത്. ഇതിൽ 32 പേരെ അഡ്മിറ്റ് ചെയ്തു.