kovid
.

മലപ്പുറം: സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടുതലായ പൊന്നാനി നഗരസഭ പരിധിയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടിക്ക് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കൽ എമർജൻസി, വിവാഹം, മരണം എന്നീ അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകൾക്ക് നിരോധനമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾക്കേ ഒത്തുകൂടാൻ അനുമതിയുള്ളൂ. പാൽ, പത്രം, മീഡിയ, മെഡിക്കൽ ലാബ് എന്നിവയ്ക്ക് പ്രവർത്തിക്കാം.

ഹൈവേയിലൂടെ കടന്നുപോകുന്ന ദീർഘദൂര യാത്രാവാഹനങ്ങൾ 30 മിനിറ്റിൽ കൂടുതൽ സമയം ഈ പ്രദേശപരിധിയിൽ ഉണ്ടാവരുത്. ചരക്കുവാഹന ഗതാഗതം അനുവദിക്കും. നഗരസഭ പരിധിയിൽ റേഷൻ കടകൾക്ക് പുറമെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളേ തുറക്കാവൂ. അതും രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12 വരെ മാത്രം. കടയിൽ ഒരേസമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളേ ഉണ്ടാകാവൂ. എല്ലാ നിബന്ധനകളും പാലിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടും.

അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നിലവിലെ സ്‌ക്വാഡിന് പുറമേ രണ്ട് സ്‌ക്വാഡുകൾ കൂടി നിയോഗിച്ചു. സ്ഥാപനങ്ങളിൽ ഓൺലൈൻ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കണം. മേഖലകളിൽ കായികപരിപാടികളും പ്രഭാതസവാരിയടക്കമുള്ളവയും നിരോധിച്ചു. മത്സ്യമാംസാദികളുടെ വിൽപ്പന, വിതരണം എന്നിവ നിരോധിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ ഭക്ഷണം പാഴ്സലായി നൽകാം. ഇരുന്ന് കഴിക്കരുത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ, അവശ്യ സേവനം നൽകുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ മാത്രമേ പ്രവർത്തിക്കാവൂ. അവശ്യ സർവീസിൽ ഉൾപ്പെടാത്ത സർക്കാർ ജീവനക്കാരും പൊന്നാനി നഗരസഭ പരിധിയിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവരും വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്. ബാങ്ക്, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അക്ഷയ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടില്ല. പെട്രോൾ പമ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മുതൽ രാത്രി 10 വരെ പ്രവർത്തിക്കണം. യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള പെട്രോൾ പമ്പുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

ആരാധനാലയങ്ങൾ തുറക്കരുത്. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ തുടരാം.

പുറത്തിറങ്ങാൻ റേഷൻ കാർഡ് നിർബന്ധം

പൊന്നാനി നഗരസഭ പരിധിയിൽ അവശ്യവസ്തുക്കൾ വാങ്ങുന്നതുൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം വയ്ക്കണം. റേഷൻ കാർഡില്ലാത്തവർ നഗരസഭ ഓഫീസിൽ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങണം. കുട്ടികളും 65 വയസിന് മുകളിൽ പ്രായമുള്ളവരുമല്ലാത്ത റേഷൻ കാർഡിൽ പേരുള്ളവരേ പുറത്തിറങ്ങാവൂ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തിൽ വരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം , ശനി ദിവസങ്ങളിൽ റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തിൽ വരുന്ന കാർഡുടമകൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ യാത്ര ചെയ്യാം.

ഞായാറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

പൊന്നാനി നഗരസഭ പരിധിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഗരസഭ പരിധിയിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും.