fvfff
.

മലപ്പുറം: മേളപ്പെരുക്കത്തിലൂടെ കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ചിരുന്ന ശിങ്കാരിമേളം സംഘങ്ങളുടെ ജീവിതത്തിനിത് പതിഞ്ഞതാളം. കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട് വറുതിയിൽ കഴിയുകയാണ് മിക്ക കലാകാരൻമാരും.

ചടങ്ങുകൾ നഷ്ടപ്പെട്ടത് മാത്രമല്ല പ്രശ്നം. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പരിശീലനത്തിനോ വാദ്യോപകരണങ്ങൾ തയ്യാറാക്കാനോ സാധിക്കുന്നില്ല. അടുത്ത സീസണും നഷ്‌ടമാകുമോ എന്ന ഭീതിയിലാണ് കലാകാരൻമാർ. ചെണ്ട ഉപയോഗിക്കാതിരുന്നാൽ പൂപ്പൽ വന്ന് കേടാവാനും സാദ്ധ്യതയുണ്ട്.

ഒക്ടോബറിൽ പള്ളിപ്പെരുന്നാളോടെ സീസൺ തുടങ്ങിയാൽ മേയ് പകുതി വരെ വിശ്രമിക്കാൻ സമയമുണ്ടാകാറില്ല. ശിങ്കാരിമേളത്തിന്റെ സീസണാണ് ഇക്കാലം. പറഞ്ഞുറപ്പിച്ചിരുന്ന പല പരിപാടികളും മാർച്ച് 24 മുതൽ ലോക്ക് ‌ഡൗൺ വന്നതോടെ റദ്ദാക്കേണ്ടി വന്നു. സീസണിൽ പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗമാണ് നഷ്‌ടമായത്.

ഉത്സവങ്ങൾ, പള്ളിപ്പെരുന്നാൾ, നേർച്ച, രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ, ഉദ്ഘാടനങ്ങൾ, കല്ല്യാണങ്ങൾ, കോളേജുകളിലെ ആഘോഷങ്ങൾ തുടങ്ങിയ വിവിധ പരിപാടികളിൽ ഒഴിവാക്കാനാവാത്ത വിഭാഗമാണ് ശിങ്കാരിമേളം.

സീസണല്ലാത്ത നാലു മാസ കാലയളവിലാണ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താറ്. കലാകാരൻമാർക്ക് ആവശ്യമായ ചികിത്സ നേടലും ചെണ്ട തയ്യാറാക്കലും പുതിയ കലാകാരൻമാർക്ക് പരിശീലനം നൽകലും ഈ സമയത്താണ്.

ഫോക് ലോർ അക്കാഡമിയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള 25 വയസ് കഴിഞ്ഞ ശിങ്കാരിമേളം കലാകാരൻമാർക്ക് 2000 രൂപയുടെ ധനസഹായം സർക്കാർ ലോക്ക് ഡൗൺ കാലയളവിൽ നൽകിയിരുന്നു. എന്നാൽ, പ്രായ ഭേദമന്യേ മുഴുവൻ കലാകാരൻമാർക്കും ധനസഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ചെലവേറെ

മേളത്തിനാവശ്യമായ ഒരു ചെണ്ട ഒരുക്കിയെടുക്കാനാവശ്യമായ ചെലവ് 12,000 രൂപയാണ്.

24 പേരാണ് ഒരു ശിങ്കാരിമേളം ട്രൂപ്പിലുണ്ടാകുക.

ഒരു സീസണിലേക്ക് ശിങ്കാരിമേളം സംഘത്തെ ഒരുക്കിയെടുക്കാൻ ലക്ഷങ്ങൾ ചെലവാകും

താമസം, ഭക്ഷണം, യാത്ര തുടങ്ങിയ സൗകര്യങ്ങൾ നൽകിയാണ് പുതിയ മേളക്കാരെ പരിശീലിപ്പിച്ചെടുക്കാറ്

ശിങ്കാരിമേളം കുലത്തൊഴിലായ ധാരാളം കലാകാരൻമാരുണ്ട്.

കേരളത്തിൽ 50,000 ശിങ്കാരിമേളം കലാകാരൻമാരുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണിവർ. ഇവരിൽ 70 ശതമാനം കലാകാരൻമാരുടെയും ഏക വരുമാന മാർഗ്ഗം സീസണിൽ ലഭിക്കുന്ന പരിപാടികളാണ്.

കെ.പി. മണിക്കുട്ടൻ

സംസ്ഥാന കൺവീനർ

ശിങ്കാരിമേളം വെൽഫെയർ അസോസിയേഷൻ